തൊടുപുഴ: പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ കാർ തകർക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 75 പേരടക്കം 85 പേരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരുന്നു. കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യപേക്ഷയാണ് തള്ളിയത്. ഈ സംഘർഷത്തിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ കണ്ണിനു ഗുരുതര പരുക്കേറ്റത്. കേസിൽ ഒന്നാം പ്രതിയാണ് ബിലാൽ സമദ്. ബിലാലിപ്പോൾ മധുരയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്‌.