കരിമണ്ണൂർ: സംസ്ഥാന സർക്കാരിന്റെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഹെൽപ്‌ഡെസ്‌ക് കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പുതിയ തൊഴിൽ സംരംഭങ്ങളും വ്യവസായ സംരംഭങ്ങളും ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ നിയമസാങ്കേതിക സഹായങ്ങൾ നൽകുന്നതിനായാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ സംരംഭകർക്ക് സൗജന്യ സേവനം ലഭ്യമാക്കും. കരിമണ്ണൂർ പഞ്ചായത്തിൽ ഈ വർഷം 100 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഹെൽപ്പ്‌ഡെസ്‌കിന്റെ പ്രവർത്തനോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, സെക്രട്ടറി, വ്യവസായ വകുപ്പ് ഇന്റേൺ എന്നിവർ പങ്കെടുത്തു.