ചെറുതോണി: രക്തസാക്ഷികളെ അപമാനിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് സി പി എം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആത്മസംയമനം ദൗർബല്യമായി കാണരുത്. എങ്ങിനെയും അക്രമവും സംഘർഷവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഒഴിഞ്ഞുമാറിയിട്ടും പ്രകോപനവുമായി കോൺഗ്രസ് പിന്തുടരുകയാണ്.മതരാഷ്ട്രത്തിനായി നിലകൊളളുന്ന തീവ്രഫാസിസ്റ്റ് ശക്തികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിനെയും കുടുംബത്തേയും അധിക്ഷേപിച്ചാൽ പ്രവർത്തകർ കൈയ്യുംകെട്ടി നോക്കിനിൽക്കില്ല. പ്രണയബന്ധം സംബന്ധിച്ച കലാപത്തിൽ ആണ് അഭിമന്യു കൊലചെയ്യപ്പെട്ടതെന്ന കോൺഗ്രസ് നേതാവിന്റെ പ്രസംഗം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ധീരജിനെതിരെ സി പി മാത്യുവും ഡീൻകുര്യാക്കോസും നടത്തുന്ന അതിരുവിട്ട പ്രസ്താവനകളും സി പി എം തിരിച്ചറിയുന്നുണ്ടെന്നും ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.