തൊടുപുഴ: 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നിയമസഭയിൽ റവന്യൂ വകുപ്പിന്റെ ധനാർഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 2019 ഡിസംബർ 17ന് സർവകക്ഷിയോഗം ചേർന്നിരുന്നു. തുടർന്ന് നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് റവന്യൂ മന്ത്രി ചട്ടഭേദഗതിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അഡ്വക്കേറ്റ് ജനറലിനെയും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി എന്നറിയിച്ചെങ്കിലും നാളിതു വരെ ചട്ടഭേദഗതിയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടില്ല. ഇടുക്കി ജില്ലയിൽ മുൻ സർക്കാർ ഏർപ്പെടുത്തിയ നിർമ്മാണ നിരോധനം പിൻവലിക്കണം. ഉപാധി രഹിത പട്ടയങ്ങൾ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. ഭൂമിതരം മാറ്റത്തിൻമേലുള്ള അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണം. ഭൂനികുതി വർദ്ധന പിൻവലിക്കാനും സർക്കാർ തയ്യറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.