തൊടുപുഴ: സംസ്ഥാന സർക്കാർ ദേശിയ ആരോഗ്യ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന 'ഹൃദ്യം' പദ്ധതി ജില്ലയിലും പ്രവർത്തന സജ്ജം.നവജാത ശിശുക്കളുടേയും കുട്ടികളുടേയും ഹൃദയ സംബന്ധമായ അസുഖസങ്ങൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സ സൗകര്യം ഒരുക്കി കുരുന്നുകൾക്ക് പുതുജീവൻ നൽകുന്ന പദ്ധതിയാണ് 'ഹൃദ്യം'. പൈനാവിലുള്ള ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചാണ് പദ്ധതിയുടെ ജില്ലാ നോഡൽ കേന്ദ്രമായ ഡിസ്ട്രിക് ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി ഇ ഐ സി) പ്രവർത്തിക്കുന്നത്. നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വരുമാന പരിധികൾ പരിഗണിക്കാതെ അർഹരായ ഏവർക്കും പൂർണ്ണമായും സൗജന്യമായിട്ടാണ് ഹൃദ്യം പദ്ധതിയിലൂടെ സേവനം നൽകുന്നത്.ശലഭം എന്ന പോർട്ടലിലൂടെയാണ് രജിസ്ട്രേഷൻ.ജില്ലയിലുള്ള എല്ലാ സർക്കാർ ആശുപത്രികളിലേയും പ്രസവ കേന്ദ്രത്തിൽ ജനിക്കുന്ന കുരുന്നുകളെ സൂക്ഷ്മ രോഗ പരിശോധനക്ക് വേണ്ടി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും.നവജാത ശിശുക്കളിൽ പ്രകടമായി കാണപ്പെടുന്ന കേൾവി പ്രശ്നങ്ങൾ,പോഷണ പരിണാമമായ ന്യൂനതകൾ, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ എന്നിങ്ങനെ സ്ക്രീനിംഗിലൂടെ കണ്ടെത്തുന്ന കുരുന്നുകളെ വിധഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിച്ച് രോഗത്തിന്റെ തീവ്രത ഉറപ്പാക്കും.അടിയന്തിര ശസ്‌ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലോ സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലോ ഉടൻ എത്തിച്ച് മികച്ച ചികിത്സ നൽകും.ഇടുക്കി ജില്ലയിലെ ഹൃദ്യം പദ്ധതി സംബന്ധിച്ച് കൂടുതൽ അറിയാനും രജിസ്‌ട്രേഷനും ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചുള്ള ഡിസ്ട്രിക് ഏർളി ഇന്റർവെൻഷൻ സെന്ററുമായി (ഡി ഇ ഐ സി) ബന്ധപ്പടണം.ഫോൺ:9946102621.