കട്ടപ്പന :നഗരസഭാ അദ്ധ്യക്ഷ സ്ഥാനം ബീന ജോബി ഇന്ന് ഒഴിയും.ഡി സി സി ഓഫീസിൽ ഇന്നലെ വൈകിട്ട് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ധാരണ.ഇന്ന് രാവിലെ 11ന് രാജിക്കത്ത് കൈമാറും.മുന്നണി ധാരണ പ്രകാരമുള്ള ഒന്നര വർഷത്തെ കാലവധി പൂർത്തിയാക്കിയിട്ടും ഡി സി സി പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം ബീന രാജിവയ്ക്കാതെ തൽസ്ഥാനത്ത് തുടർന്നതോടെ കോൺഗ്രസ് അംഗങ്ങൾ കെ.പി.സി.സി യ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ധാരണയിലെത്തിയത്.കഴിഞ്ഞ ജൂൺ 28ന് കാലാവധി തികച്ച ബീന ജോബി 30ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.പിന്നീട് ഡിസിസി പ്രസിഡന്റ് രാജിവയ്‌ക്കേണ്ടന്ന് അറിയിച്ചതോടെ തീരുമാനത്തിൽ നിന്ന് പിൻമാറി.പാർലമെന്ററി പാർട്ടി യോഗം ചേർന്നശേഷം രാജിവച്ചാൽ മതിയെന്ന് നിർദേശം ലഭിച്ചെന്നായിരുന്നു ബീനയുടെ പ്രതികരണം.എന്നാൽ യോഗം ചേരുന്ന തീയതി നിശ്ചയിക്കാതെ വന്നതോടെ കോൺഗ്രസ് കൗൺസിലർമാർ കെ.പി.സി.സിക്ക് നിവേദനം നൽകിയതിനെ തുടർന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർരുവാൻ തീരുമാനിച്ചത്.ബീന രാജിവയ്ക്കുന്നതോടെ ഐ വിഭാഗത്തിൽ നിന്നുള്ള ഷൈനി സണ്ണി അടുത്ത ഒന്നര വർഷം അദ്ധ്യക്ഷപദത്തിലെത്തും.അവസാനത്തെ 2 വർഷം എ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയാകും അദ്ധ്യക്ഷ സ്ഥാനത്തെത്തുക.