തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ഇ.എസ്.എ നിശ്ചയിച്ചു കൊണ്ട് വിജ്ഞാപനമിറക്കുന്നത് ഒരു വർഷം കൂടി നീളുന്നത് ആശങ്കാജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കി കൊണ്ടുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർദ്ദേശിച്ചു കൊണ്ട് അന്തിമ വിജ്ഞാപനം വൈകുന്നത് സംസ്ഥാനങ്ങൾ കൃത്യമായ വിവരങ്ങൾ നൽകാത്തതിന്റെ പേരിലാണ്. അതിനാൽ കേന്ദ്രം പഠനത്തിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുൻ യു.ഡി.എഫ് സർക്കാർ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളും പൂർണ്ണമായും ഒഴിവാക്കിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കരട് വിജ്ഞാപനം വന്നിട്ടുള്ളത്. ഇതിൽ നിന്ന് ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും യുക്തിപൂർവ്വമുള്ള റിപ്പോർട്ട് നാളിതു വരെയും നൽകിയിട്ടില്ല. ഈ സ്ഥിതിയിൽ കരടു വിജ്ഞാപനത്തിന്റെ കാലാവധി നീട്ടികൊണ്ടു പോകുമ്പോൾ കോടതി ഇടപെടലിന് സാദ്ധ്യത കൂടുതലാണ്. ബഫർ സോൺ വിഷയത്തിൽ ഇ.എസ്.ഇസഡ് പ്രഖ്യാപനമുണ്ടായാൽ കൂടുതൽ ഗുരുതരമായ പ്രതിസന്ധിയുണ്ടാകും. അതിനാൽ അലംഭാവം വെടിഞ്ഞ് സംസ്ഥാന സർക്കാർ യുക്തിപൂർവ്വം ഇടപെട്ട് റിപ്പോർട്ട് നൽകണം. അതു വഴി അന്തിമ വിജ്ഞാപനത്തിന് സാധ്യത തുറക്കുകയുമാണ് വേണ്ടെതെന്നും എം.പി പറഞ്ഞു.