
കട്ടപ്പന : വിവാദങ്ങൾക്ക് വിരാമമിട്ട് കട്ടപ്പന നഗരസഭാ അധ്യക്ഷ ബീനാ ജോബി രാജി സമർപ്പിച്ചു. ബുധനാഴ്ച രാവിലെ 11 നാണ് നഗരസഭാ സെക്രട്ടറിയുടെ ചാർജുള്ള സൂപ്രണ്ടിന് രാജിക്കത്ത് കൈമാറിയത്.ചൊവ്വാഴ്ച്ച വൈകിട്ട് ഇടുക്കി ഡി സി സി ഓഫീസിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് മുന്നണി ധാരണ പ്രകാരമുള്ള രാജി സംബന്ധിച്ച് ധാരണയായത്.തുടർന്ന് ഇന്നലെ ബീന രാജി സമർപ്പിക്കുകയായിരുന്നു. 2020 ഡിസംബർ 28 ന് ചെയർപേഴ്‌സണായി ചുമതലേയറ്റ ബീനാ ജോബി കഴിഞ്ഞ ജൂൺ 28 നാണ് കാലാവധി പൂർത്തിയാക്കിയത്.
ബീനയുടെ നേതൃത്വത്തിൽ വികസന സെമിനാർ നടത്തിയ ഉടനെ ജൂൺ 30 ന് മാദ്ധ്യമങ്ങൾ വഴി രാജി പ്രഖ്യാപനവും നടത്തിയിരുന്നു.എന്നാൽ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞാൽ മതിയെന്ന ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിന്റെ നിർദ്ദേശമെത്തിയതോടെ രാജി പ്രഖ്യാപനം ബീന പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡി സി സി പ്രസിഡന്റിന്റെയും നഗരസഭ അദ്ധ്യക്ഷയുടെയും നിലപാടുകൾക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ ചേർന്ന് കെ പി സി സി പ്രസിഡന്റിന് പരാതി കത്തും അയച്ചു. തുടർന്നാണ് പാർലമെന്ററി പാർട്ടി യോഗം വിളിക്കാൻ ഡി സി സി പ്രസിഡന്റ് തയ്യാറായത്. രാജി വൈകിയിരുന്നെങ്കിൽ അദ്ധ്യക്ഷയെ അവിശ്വാസത്തിലൂടെ പുറത്താക്കാനും എ ,ഐ ഗ്രൂപ്പുകൾ പദ്ധതിയിട്ടിരുന്നു. ഇതിനായി 20 കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട് നൽകിയിരുന്നു.ബീന കാലാവധി പൂർത്തിയാക്കി രാജി വച്ചതോടെ ഐ ഗ്രൂപ്പിലെ തന്നെ ഷൈനി സണ്ണിയാകും അടുത്ത ചെയർപേഴ്‌സണായി സ്ഥാനമേറ്റെടുക്കുക.
• തുടക്കം മുതൽ ഒടുക്കം വരെ വിവാദം
ബീനാ ജോബി സ്ഥാനമേറ്റെടുത്തത് മുതൽ വിവാദങ്ങളും അവർക്കൊപ്പം പിന്തുടർന്നിരുന്നു.പ്രവർത്തന പരിചയമില്ല എന്നതാണ് ആദ്യം കേൾക്കേണ്ടി വന്ന വിമർശനം.പിന്നീട് നഗരസഭയുടെ വിവിധ വിഷയങ്ങളിൽ കൃത്യമായ ഇടപെടീൽ നടത്താൻ തുടങ്ങിയതും മുതിർന്ന നേതാക്കളുടെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞതും ആദ്യ വനിതാ ചെയർപേഴ്‌സണ് സഹപ്രവർത്തകരിൽ തന്നെ ശത്രുക്കളെ സൃഷ്ടിച്ചു.ഇതിനിടെ വൈസ് ചെയർമാനായിരുന്ന ജോയ് വെട്ടിക്കുഴി തൽസ്ഥാനം രാജി വച്ചൊഴിഞ്ഞത് വിവാദമായി.വിദേശത്തേയ്ക്ക് പോകുന്നുവെന്നാണ് രാജിക്ക് ശേഷം ജോയ് വെട്ടിക്കുഴി പ്രതികരിച്ചതെങ്കിലും ബീനാ ജോബിയുമായുള്ള അഭിപ്രായ ഭിന്നതകളാണെന്ന് പിന്നീട് വ്യക്തമായി.പിന്നീട് ബീനയെ പുറത്താക്കാൻ ഭരണകക്ഷി അംഗങ്ങൾ തന്നെ പലശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല.നഗരസഭാ ജീവനക്കാരുടെയും ഏതാനും ഭരണകക്ഷി അംഗങ്ങളുടെയും പിന്തുണ ലഭിച്ചാണ് ബീന കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞത്.