ട്രക്കിംഗ്, ബോട്ടിംഗ്, മീൻപിടിത്തം എന്നിവയ്ക്കും നിരോധനം
തൊടുപുഴ: ജില്ലയിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായി രാത്രികാല യാത്രാ നിരോധനമടക്കമേർപ്പെടുത്തി ജില്ലാ ഭരണകൂടം.
അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ മലയോര മേഖലകളിലുള്ള രാത്രികാല യാത്രയാണ് ഇന്നലെ മുതൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് നിരോധിച്ചത്. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, സിവിൽ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയർ ആൻഡ് റസ്‌ക്യൂ, സിവിൽ സപ്ലൈസ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യാം. എല്ലാവിധ ഓഫ് റോഡ് ട്രക്കിംഗ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മീൻപിടിത്തം, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ബോട്ടിംഗും താത്കാലികമായി നിരോധിച്ചു. കനത്ത മഴ തുടരുന്നതിനാലും മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാലുമാണ് നടപടി. ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും നഴ്‌സറികൾക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.
എസ്റ്റേറ്റ് മേഖലകളിൽ തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതിനും തൊഴിലുറപ്പ് പണിക്കും കഴിഞ്ഞ ദിവസം കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ഏഴ് മണി വരെയുള്ള 24 മണിക്കൂറിൽ ശരാശരി 58.16 മില്ലി മീറ്രർ മഴയാണ് ജില്ലയിൽ പെയ്തത്. ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്- 95.6 മില്ലിമീറ്റർ. ജില്ലയിൽ ശക്തമായ മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. ജില്ലയിലെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസംകൊണ്ട് രണ്ടടിയോളം ഉയർന്നു. 2347.26 അടിയാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 44 ശതമാനമാണിത്. പരമാവധി സംഭരണശേഷി 2403 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.7 അടിയാണ്. പാംബ്ല, കല്ലാർക്കുട്ടി അണക്കെട്ടുകളുടെ ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്.
മഴയുടെ അളവ് (മില്ലി മീറ്റർ)
ഉടുമ്പഞ്ചോല- 31.6
ദേവികുളം- 95.6
ഇടുക്കി- 86.6
പീരുമേട്- 37.2
തൊടുപുഴ- 39.8
ശരാശരി- 58.16
കെടുതികൾക്ക് അറുതിയില്ല
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ- ദേവികുളം റോഡിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം മണ്ണിടിഞ്ഞു മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ചൊവ്വാഴ്ച രാത്രിയിൽ പാതയോരത്ത് നിന്ന് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.
പിന്നീട് മണ്ണുമാന്തി യന്ത്രമെത്തിക്കുകയും മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. വഴിയിൽ വാഹനങ്ങളുടെ തിരക്കില്ലാതിരുന്ന സമയത്ത് മണ്ണിടിഞ്ഞതിനാൽ മറ്റാത്യാഹിതങ്ങൾ ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഇതുകൂടാതെ നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കാറ്റിൽ മരം വീണും മറ്റും നിരവധി പേരുടെ വീടുകൾ ഭാഗികമായി തകർന്നു. കുഞ്ചിത്തണ്ണി ചെക്കുകരയിൽ മണികണ്ഠൻ, ഉടുമ്പഞ്ചോല ആറ്റിൻകരയിൽ അന്നക്കുട്ടി, ഉടുമ്പഞ്ചോല സ്വദേശി ലിജോ, രാജകുമാരി മട്ടയ്ക്കൽ ജോസഫ്, ചപ്പാത്ത് പീടികയിൽ തങ്കച്ചൻ, കൽകൂന്തൽ കിഴക്കനാത്ത് ആന്റണി, വാത്തിക്കുടി വടക്കേപുത്തൻപുര അഖിൽ, വെള്ലത്തൂവൽ അറയ്ക്കപറമ്പിൽ ജൂലിയറ്റ്, ഉടുമ്പഞ്ചോല പൊരിമറ്റത്തിൽ ഉഷ ഷാജി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് മാങ്കുളത്ത് മൂന്ന് പേർക്ക് പരിക്ക്.
ഗതാഗത നിയന്ത്രണമേർപ്പെടുത്തി
പഴയ മൂന്നാർ- ദേവികുളം റോഡിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. അടിമാലിയിൽ നിന്ന് ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി ഇരുട്ടുകാനം- ആനച്ചാൽ- കുഞ്ചിത്തണ്ണി- രാജാക്കാട്- പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്ന് തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ- രാജാക്കാട്- കുഞ്ചിത്തണ്ണി- ആനച്ചാൽ വഴിയും വഴിതിരിച്ചു വിടും.