അടിമാലി: ചെറുതോണി ടൗണിലും പരിസരങ്ങളിലും ചെറുതോണി പുഴയുടെ തീരങ്ങളിൽ ഉണ്ടായിട്ടുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെ പേരിൽ എല്ലാവിധ സർക്കാർ അനുമതികളും നേടി പണികഴിപ്പിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ശ്രമിച്ചാൽ സംഘടനാപരമായും നിയമപരമായും നേരിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
സ്വയം സംരംഭകരായി വർഷങ്ങളോളം വ്യാപാരവും മറ്റു അനുബന്ധ ജോലികളും ചെയ്ത് ഉപജീവനം നടത്തുന്ന നൂറുകണക്കിന് വ്യാപാരികളെയും വീടുവച്ച് താമസിക്കുന്ന കുടുംബങ്ങളെയും വഴിയാധാരമാക്കാൻ ശ്രമിച്ചാൽ ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രതിരോധിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നേതൃത്വം നൽകും. കപട പരിസ്ഥിതിവാദികൾ ഗ്രീൻ ട്രിബ്യൂണൽ ചെന്നൈ ബഞ്ചിൽ നടത്തുന്ന നിരവധി കേസുകൾ ജനങ്ങളെ ദ്രോഹിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവിത മാർഗവും സ്വത്തുക്കളും സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെടുകയും യഥാർത്ഥ വസ്തുതകൾ ബന്ധപ്പെട്ട കോടതികളിൽ ബോധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ,വർക്കിംഗ് പ്രസിഡന്റ് കെ ആർ വിനോദ്,ട്രഷറർ ആർ രമേശ് എന്നിവർഅഭ്യർത്ഥിച്ചു.