തൊടുപുഴ: മാറ്റിവെച്ച തൊടുപുഴ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് 17ന് നടക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇതുസംബന്ധിച്ച ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ മേയ് 14ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷൻ പരിസരത്തുണ്ടായ സംഘർഷം മൂലം മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന്, സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിയാലോചിച്ച് സഹകരണ സംഘം നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സഹകരണ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ സമാധാനപരമായി വോട്ടെടുപ്പ് നടത്താനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കാൻ ദക്ഷിണമേഖല ഐ.ജി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇടുക്കി എസ്.പി എന്നിവർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 17ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.