നെടുങ്കണ്ടം: ചെമ്മണ്ണാറിൽ മോഷണശ്രമത്തിനിടെയുണ്ടായ മൽപ്പിടുത്തത്തിൽ മോഷ്ടാവിന്റെ മരണം കഴുത്ത് ഞെരിഞ്ഞതിനെത്തുടർന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫ് (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മണ്ണാർ കൊന്നപ്പറമ്പിൽ രാജേന്ദ്രനെ പൊലീസ് ബുധനാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. മൽപ്പിടുത്തത്തിനിടെ ജോസഫിന്റെ കടിയേറ്റ് പരിക്ക് പറ്റിയ രാജേന്ദ്രനെ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച പുലർച്ചെ യാണ് സംഭവം. ചെമ്മണ്ണാറിൽ ഒട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. രജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാർജിങിനായിട്ടിരുന്ന മൊബൈൽ ഫോൺ നിലത്തു വീണു. ശബ്ദം കേട്ട് രജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിയ്കുകയായിരുന്നു. പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേൽപ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടു എന്നാണ് രജേന്ദ്രൻ പറയുന്നത്.
ഓടി രക്ഷപെട്ട ജോസഫിനെ സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മൽപിടുത്തം നടന്നതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.