പീരുമേട്: ദീർഘകാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന വണ്ടിപ്പെരിയാർ ബൈപാസ് പദ്ധതി തീരുമാനമായതായി ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. മഞ്ചുമല ജംഗ്ഷൻ മുതൽ സെന്റ് ജോസഫ് സ്‌കൂളിന്റെ മുൻപിൽ വരെയാണ് ബൈപാസ്സിനായിട്ടുള്ള അലൈൻമെന്റ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എം.പി യോടൊപ്പം എൻ. എച്ച് ചീഫ് എഞ്ചിനീയർ ഏ.സി. മണ്ഡൽ സ്ഥലം സന്ദർശിച്ചിരുന്നു. ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന ബൈപാസ്സ് വണ്ടിപ്പെരിയാർ പട്ടണത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ടൌൺ വികസനത്തിനും കാരണമാവുമെന്നും എം.പി. പറഞ്ഞു. ശബരിമല തീർത്ഥാടകർ ധാരാളമായി പോകുന്ന നാഷണൽ ഹൈവേയുടെ മൊത്തത്തിലുള്ള വികസനം കുമിളി മുതൽ മുണ്ടക്കയം വരെ യാധാർത്ഥ്യമാവുമ്പോൾ ജില്ലയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ പാതയുടെ വികസനരംഗത്തെ ഒരു വലിയ മുന്നേറ്റമാണുണ്ടാകുന്നത്. ദേശിയ പാത ഡിപ്പാർട്ട്‌മെന്റ് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിട്ടാണ് ഈ ബൈപ്പാസിന്റെ പ്രൊജക്ട് നടപ്പിലാക്കുന്നത്.
ബൈപ്പാസിന് നാല് വരി പാത
നാലുവരിയായിട്ടായിരിക്കും ബൈപ്പാസിന്റെ നിർമ്മാണം. ഇതുമായി ബന്ധപ്പെട്ട ലാൻഡ് അക്വിസിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർണ്ണതയിലെത്തിക്കുന്നതിനു വേണ്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെയും റവന്യു ഉദ്യോഗസ്ഥന്മാരുടെയും സംയുക്ത യോഗം കഴിഞ്ഞ ദിവസം കുമിളി പെരിയാർ ഹൗസിൽ നടന്നിരുന്നു .
'എൻ. എച്ച് 183 യുടെ മുഴുവനായ നവീകരണത്തിനുള്ള ലാൻഡ് അക്വിസിഷൻ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് വേണ്ടി റവന്യു ഉദ്യോഗസ്ഥന്മാരും നാഷണൽ ഹൈവേ ഉദ്യോഗസ്ഥന്മാരുമായും സംയുക്ത പരിശോധന ഈ മാസം 12 ന് നടക്കും. അതിന് ശേഷം തുടർപ്രവർത്തനങ്ങൾ ആരംഭിക്കും.'
ഡീൻ കുര്യാക്കോസ് എം. പി