വണ്ണപ്പുറം: മുള്ളരിങ്ങാടിന് സമീപം ജനവാസ മേഖലയിലേക്ക് രാത്രിയില്‍ കൂറ്റന്‍ പാറ ഉരുണ്ട് വന്നത് ആശങ്ക പരത്തി. മുള്ളരിങ്ങാട് ടൗണില്‍ നിന്നും ഏതാനും ദൂരത്തിൽ മാമ്പാറ കോളനിക്ക് സമീപത്തേക്കാണ് പാറ പതിച്ചത്. രാത്രി പത്തരയോടെ വന്‍ ശബ്ദത്തില്‍ പാറ ഉരുണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ഉയര്‍ന്ന പ്രദേശമായ കോട്ടപ്പാറ - പടിക്കകം ഭാഗത്ത് നിന്നായിരുന്നു ശബ്ദം. കനത്ത മഴ തുടരുന്നതിനിടയില്‍ ഉരുള്‍പൊട്ടലോ മലയിടിച്ചിലോ ആണെന്ന്‌ ജനങ്ങൾ ഭയപ്പെട്ടു. ഇതോടെ എത്രയും വേഗം വീട്ടില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കോളനിക്കാര്‍ ഫോണ്‍ വിളിച്ചും ശബ്ദം ഉണ്ടാക്കിയും പരസ്പരം അറിയിച്ചു. എന്നാല്‍ തുടര്‍ ശബ്ദങ്ങള്‍ ഉണ്ടാകാത്തതോടെ നാട്ടുകാര്‍ പുറത്തിറങ്ങി തിരച്ചില്‍ നടത്തി. ഇതോടെയാണ് പടിക്കകം മലയില്‍നിന്നും വലിയ പാറക്കല്ല് ഉരുണ്ട് വന്നതിന്റെ ശബ്ദമായിരുന്നെന്ന് വ്യക്തമായത്. മലയ്ക്ക് മുകളില്‍ നിന്നും താഴേയ്ക്ക് പതിച്ച കല്ല് പാറക്കെട്ടുകളില്‍ ഇടിച്ച് കഷണങ്ങളായതിനാല്‍ വലിയ അപകടം ഒഴിവായി. മാമ്പാറ തോടിനനരികില്‍ താമസിക്കുന്ന പുതുപ്പറമ്പില്‍ വല്‍സയുടെ വീടിന് സമീപത്താണ് കല്ല് പതിച്ചത്. വല്‍സയും മകന്‍ പ്രസന്നനും ശബ്ദം കേട്ട് വീട്ടില്‍ നിന്ന് മാറിയിരുന്നു. കല്ലുരുണ്ടെത്തിയ ഭാഗത്ത് പലയിടങ്ങളിലും കൃഷി നശിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.