ഇടുക്കി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതലോല മേഖലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റപ്പോർട്ടിന്റെ കരട് വിജ്ഞാപന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയതോടെ ആശങ്കയൊഴിയാതെ മലയോരമേഖല. ബഫർസോൺ വിഷയത്തിലെ ആശയക്കുഴപ്പവും പരിസ്ഥിതലോല മേഖലയുമായി ബന്ധപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതും കണക്കിലെടുത്താണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിഞ്ജാപനം ഇറക്കുമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ഇതിനായി നിയോഗിച്ച കമ്മിറ്റിയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി. അതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. റിപ്പോർട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം അടുത്ത വർഷം ജൂണിന് ശേഷം മാത്രമായിരിക്കും ഇറങ്ങുക. ബഫർസോണിലടക്കം ആശങ്ക നിലനിൽക്കേയാണ് കരട് വിജ്ഞാപനം നീട്ടിയത്. അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ ഉറപ്പ് നിലനിൽക്കേ കാലാവധി നീളുന്നത് എന്നതും ശ്രദ്ധേയമാണ്. ജനവാസമേഖലകളും കൃഷ്ടയിടങ്ങളും അടക്കം സംരക്ഷിക്കുന്ന തരത്തിലുള്ള ഇളവുകളോടെ അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാൽ കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടിയത് കോടതി ഇടപെടലിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായും പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുമെന്നുമാണ് വിലയിരുത്തൽ. അവശ്യമായ ഇടപെടലുകൾ നടത്തി അന്തിമ വിജ്ഞാപനമിറക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഉയരുന്ന ആവശ്യം.
കരട് വിജ്ഞാപനമിറങ്ങിയത് 2013ൽ
2013 ലാണ് കസ്തതൂരി രംഗൻ റിപ്പോർട്ടിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങിയത്. ഇ.എസ്.എയിൽ ഉൾപ്പെട്ട വില്ലേജുകളിലെ ഇളവുകൾ എന്തൊക്കെയാണെന്ന് അന്തിമ വിജ്ഞാപനം പുറത്ത് വന്നാൽ മാത്രമേ വ്യക്തമാവൂ. ഇതിനോടകം പല തവണ നീട്ടിയ കരട് വിജ്ഞാപനത്തിന്റെ അവസാന കാലാവധി ഈ ജൂണിൽ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരട് കാലാവധി വീണ്ടും നിട്ടീയത്.