ഇടുക്കി: കാലവർഷം ശക്തിയാർജ്ജിച്ചതോടെ ഇന്നലെയും അടിമാലി, മൂന്നാർ മേഖലയിൽ പരക്കെ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ ഞായറാഴ്ച അടിമാലി ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ (22) മൃതദേഹമാണ് പന്ത്രണ്ടാംമൈൽ ചേറായി പാലത്തിന് സമീപം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതോടെ കാലവർഷക്കെടുതിയിൽ ജില്ലയിൽ മരിക്കുന്നവരുടെ മരണം ആറായി. മൂന്നാർ- ദേവികുളം റോഡിൽ ബുധനാഴ്ച മണ്ണിടിച്ചിൽ ഉണ്ടായ ബൊട്ടാണിക്കൽ ഗാർഡന് സമീപം ഇന്നലെയും മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. മൂന്ന് തവണയായിരുന്നു ബുധനാഴ്ച്ച മാത്രം ഈ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ബുധനാഴ്ച്ച തന്നെ മണ്ണ് നീക്കി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്നാർ ദേവികുളം റോഡിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതത്തിന് ബുധനാഴ്ച മുതൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിമാലിയിൽ നിന്ന് ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനം,ആനച്ചാൽ, കുഞ്ചിത്തണ്ണി, രാജാക്കാട്, പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്ന് തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട്, കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴിതിരിച്ചു വിടാൻ ജില്ലാ കളക്ടർ, മൂന്നാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന് നിർദേശം നൽകിയിരുന്നു. മഴ കനത്തതോടെ വിവിധ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ രാവിലെ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ തുറന്ന ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മൂന്നാർ ഹെഡ് വർക്‌സ് അണക്കെട്ടും പരമാവധി സംഭരണശേഷിയിലേക്കെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2349.2 അടിയിലെത്തി. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.10 അടിയായി ഉയർന്നു. ഇന്നലെ ജില്ലയിൽ ശരാശരി 45.64 മില്ലി മീറ്റർ മഴ ലഭിച്ചു. ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്- 80.4 മില്ലി മീറ്രർ. വരുംദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴയുടെ അളവ് (മില്ലി മീറ്റർ)

ഉടുമ്പഞ്ചോല- 22.6

ദേവികുളം- 80.4

ഇടുക്കി- 52.80

പീരുമേട്- 39

തൊടുപുഴ- 33.4

ശരാശരി- 45.64