തൊടുപുഴ: ബുധനാഴ്ച രാത്രി 7.30നാണ് തൊടുപുഴ ഫയർ ആന്റ് റസ്ക്യൂ യൂണിറ്റിലേക്ക് ഒരു ഫോണെത്തുന്നത്. 'ഒരു നായ്ക്കുട്ടിയുടെ ജീവൻ നിങ്ങൾ രക്ഷിക്കുമോ" വിളിച്ചത് ബോബി എന്നയാളാണ്. 'റോഡ് പണിക്കായി കൊണ്ടുവന്ന ടാറിൽ ഒരു നായ്ക്കുട്ടി പുതഞ്ഞു കിടക്കുകയാണ് സാറേ... തലയൊഴികെ ശരീരം മുഴുവൻ ടാറിനുള്ളിലാണ്. ഇതിനെയൊന്ന് രക്ഷിക്കാൻ പറ്റിയാൽ പുണ്യംകിട്ടും...' ബോബി പറഞ്ഞു നിറുത്തി. 'സ്ഥലം പറയൂ ഞങ്ങൾ എത്തിയിരിക്കും...' ഫോണെടുത്ത സീനിയർ ഫയർ ഓഫിസർ ടി.ഇ. അലിയാരിന്റെ മറുപടിയിൽ മറുതലയ്ക്കൽ ആശ്വാസത്തിന്റെ നെടുവീർപ്പ്. നൽകിയ വിവരമനുസരിച്ച് ആലക്കോട് ഇഞ്ചിയാനി സി.എസ്.ഐ പള്ളിയ്ക്ക് സമീപം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി.പി. ഷാജിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ ഷിബിൻ ഗോപി, രഞ്ജി കൃഷ്ണൻ, വി.കെ. മനു എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി. കഴിഞ്ഞ രണ്ടുദിവസമായി ടാറിൽ പൊതിഞ്ഞു മൃതപ്രായമായി കിടക്കുകയായിരുന്നു നായ് ക്കുട്ടി. റോഡ് നിർമ്മാണത്തിനായി കൊണ്ടു വന്നതായിരുന്നു ടാർ വീപ്പ. മറിഞ്ഞു കിടന്ന ടാർ വീപ്പയിൽ കയറിയ നായ്ക്കുട്ടി ഇതിൽ കുടുങ്ങുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്തോറും ടാറിൽ കൂടുതൽ കൂടുതൽ മുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായ്കുട്ടിയെ ടാറിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് മണ്ണെണ്ണ ഉപയോഗിച്ച് ശരീരത്തിലെ ടാർ മുഴുവൻ നീക്കം ചെയ്തു. ഷാമ്പു ഉപയോഗിച്ച് കുളിപ്പിച്ചു വൃത്തിയാക്കി വെള്ളം നൽകിയതോടെ വീണ്ടും ഉഷാറായി. പിന്നീട് കുഞ്ഞിനെ കാത്ത് സമീപത്തു തന്നെയുണ്ടായിരുന്ന അമ്മയോടൊപ്പം വിട്ടു. നായ്ക്കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രശംസയും നേടി.