
തൊടുപുഴ: ടൗണിലെത്തുന്ന ജനങ്ങളുടെ ജീവന് ഭീഷണിയായി നഗരമദ്ധ്യത്തിലെ പഴകിദ്രവിച്ച ഇരുമ്പ് തൂൺ. ടെലിഫോൺ എക്‌സ്‌ചേഞ്ച് ജംഗ്ഷനിലാണ് ചുവടു ഭാഗത്തെ കോൺക്രീറ്റ് അടർന്ന് ഏത് സമയവും നിലംപതിക്കാവുന്ന സ്ഥിതിയിൽ ഇരുമ്പ് തൂണ് നിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ക്യാമറ സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പ് തൂണാണ് ഇപ്പോൾ അപകട ഭീഷണി ഉയർത്തി റോഡിന് നടുവിൽ നിൽക്കുന്നത്. ഇതിനെ ഉറപ്പിച്ച് നിറുത്തിയിരുന്നത് ചുവട് ഭാഗത്ത് ഒരടി ഉയരത്തിൽ ചെയ്ത കോൺക്രീറ്റ് ഭാഗമായിരുന്നു. എന്നാൽ വാഹനങ്ങൾ തട്ടിയും കാലപഴക്കത്താലും ഈ കോൺക്രീറ്റ് ഭൂരിഭാഗവും അടർന്ന നിലയിലാണ്. അപകട ഭീഷണിയായ ഇരുമ്പു തൂൺ റോഡിന്റെ നടുവിൽ നിന്ന് പിഴുതു മാറ്റണമെന്ന് അടുത്തിടെ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അധികൃതർ കണ്ട ഭാവം നടിച്ചില്ല. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് താഴെ വീഴാവുന്ന സ്ഥിതിയിൽ നിൽക്കുന്ന ഈ ഇരുമ്പു തൂണിന്റെ ചുവട്ടിലൂടെ നടന്നു പോകുന്നത്. അപകട ഭീഷണിയായ ഇരുമ്പ് തൂൺ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.