തൊടുപുഴ: റോഡരികിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തതിനെ തുടർന്ന് ഇതുവഴിയെത്തിയ കറവപ്പശു ഷോക്കേറ്റ് ചത്തു. ലൈൻ പൊട്ടി വീണ വിവരം ഇതിന് സമീപം താമസിക്കുന്ന തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് വിളിച്ചുപറഞ്ഞ് ഏറെ നേരം കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയതാണ് അപകടത്തിനിടയാക്കിയത്. കുട്ടികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡിൽ ദുരന്തമൊഴിവായത് ഭാഗ്യംകൊണ്ട് മാത്രമാണ്. ഇന്നലെ ഉച്ചയ്ക്ക് 12.45നുണ്ടായ കാറ്റിലാണ് നഗരസഭാ അഞ്ചാം വാർഡിൽപ്പെട്ട കൈതക്കോട് ഭാഗത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണത്. ഒരു മണിയോടെ ഇതുവഴിയെത്തിയ അജീവിന്റെ മകൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ അജീവ് തൊടുപുഴ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞു. അജീവിന്റെ പേരും ഫോൺ നമ്പരും വാങ്ങിക്കുകയും ചെയ്തു. എന്നാൽ വൈദ്യുതി ബന്ധം മാത്രം വിച്ഛേദിച്ചില്ല. തുടർന്ന് രണ്ട് മണിയോടെ ഇതുവഴി പശുക്കളിലൊന്നിന് ഷോക്കേറ്റ് ചാവുകയായിരുന്നു. കൈതക്കോട് വാടകയ്ക്ക് താമസിക്കുന്ന ഷീജ ബിജോയിയുടെ നാല് വയസുള്ള 12ലിറ്ററോറം പാൽ കറന്നിരുന്ന കറവ പശുവാണ് ചത്തത്. പുല്ല് തിന്നുന്നതിനായി വീടിന് അൽപം അകലെയുള്ള സ്ഥലത്ത് കെട്ടിയ ആറ് പശുക്കളെ ഷീജയുടെ പിതാവ് തോമസ് കറവയ്ക്കായി തിരികെ തൊഴുത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടമുണ്ടായത്. ഏറ്റവും മുമ്പിലായി പോയ പശു ലൈൻ കമ്പിയിൽ തട്ടി പിടഞ്ഞ് വീഴുകയായിരുന്നു. മിനിറ്റുകൾക്കകം പശു പിടഞ്ഞ് വീണ് ചത്തു. ഇതിന് ശേഷം പ്രദേശവാസികൾ രണ്ടാമതും കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചതിനെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. അപകട ശേഷം സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി അധികൃതർക്കെതിരെ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തി.

'പശു ഷോക്കേറ്റ് ചത്ത സംഭവത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് വീഴ്ച പറ്റി. തൊടുപുഴ ഒന്നാം നമ്പർ സെക്ഷൻ ഓഫീസിലെ ഫോണിൽ വിളിച്ച് ലൈൻ പൊട്ടി വീണ സ്ഥലവും ട്രാൻസ്‌ഫോർമറിന്റെ വിവരങ്ങളടക്കം കൈമാറിയതാണ്. ഉടൻ തന്നെ ലൈൻ വിച്ഛേദിക്കുമെന്ന് ഉദ്യോഗസ്ഥർ അപ്പോൾ പറഞ്ഞെങ്കിലും ചെയ്തില്ല."

-പി. അജീവ് (തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്)

നിർദ്ധന കുടംബത്തിന് കനത്ത നഷ്ടം

ഒന്നര വർഷം മുമ്പ് എമ്പതിനായിരം രൂപയ്ക്ക് വാങ്ങിയ പശുവാണ് ഷീജ ബിജോയിക്ക് നഷ്ടമായത്. പ്രമേഹ രോഗിയായ ഭർത്താവും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും അടങ്ങുന്ന ഇവരുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് പശുവളർത്തൽ. വീടും തൊഴുത്തും രണ്ട് സ്ഥലത്താണ്. രണ്ടും വാടകയ്ക്കാണ്. വേറെയും പശുക്കൾ ഉണ്ടെങ്കിലും കൂട്ടത്തിൽ ഏറ്റവും കൂടുതൽ പാൽ ലഭിച്ചിരുന്ന പശുവാണ് ഇല്ലാതായത്. ഇത് വരുമാനത്തെ സാരമായി ബാധിച്ചതിന്റെ സങ്കടത്തിലാണ് ഈ കുടുംബം. മൃഗസംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വെറ്റിനറി സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അയൽവാസിയുടെ സ്ഥലത്ത് പശുവിന്റെ ജഡം മറവ് ചെയ്യുകയായിരുന്നു.