അടിമാലി: ലൈഫ് ഭവനപദ്ധതിയുടെ ഒന്നാംഘട്ട അപ്പീൽ നൽകുന്നതിൽ നിന്നും 118 അപേക്ഷകർ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുറത്തായി എന്ന ആരോപണവുമായി അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ രംഗത്ത്.ആദ്യ ലിസ്റ്റിന് ശേഷം ഗുണഭോക്താക്കളിൽ നിന്നും അപ്പീൽ സ്വീകരിച്ച് പരിശോധന നടത്തി ലിസ്റ്റ് പൂർണ്ണമാക്കുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട 5 പഞ്ചായത്തുകളിൽ നിന്നായി ആയിരത്തോളം അപേക്ഷകൾ കിട്ടിയെങ്കിലും ഉദ്യോഗസ്ഥ ഉദാസീനത മൂലം 118 അപേക്ഷകർ പുറത്തായെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കോയ അമ്പാട്ടുൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.വിഷയത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിക്കെതിരെയും പ്രതിപക്ഷാംഗങ്ങൾ വിമർശനമുന്നയിച്ചു.വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് ഭരണകക്ഷി മുഖംതിരിക്കുന്നുവെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം.