
തൊടുപുഴ: ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി കൊച്ചി സിറ്റി ഡെപ്യൂട്ടീ കമ്മിഷറായിരുന്ന വി.യു. കുര്യാക്കോസിനെ നിയമിച്ചു. ഇടുക്കി എസ്.പിയായിരുന്ന ആർ. കറുപ്പസാമിയെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ച ഒഴിവിലാണ് നിയമനം. വി.യു. കുര്യാക്കോസ് നേരത്തെ ഇടുക്കി ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായിരുന്നു. ഐ.പി.എസ് ഓഫീസർമാരുടെ സ്ഥലമാറ്റത്തിനൊപ്പം ഇന്നലെയാണ് ഉത്തരവിറങ്ങിയത്. വ്യാഴാഴ്ച ജില്ലയിലെ മൂന്ന് ഡിവൈ.എസ്.പിമാരെയും സ്ഥലംമാറ്റിയിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി സി.ജി. ജിംപോളിനെ തൃശൂർ ഡി.സി.ആർ.ബിയിലേക്കാണ് മാറ്റിയത്. പകരം എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിയായ മധു ബാബുവാണെത്തുന്നത്. ഇടുക്കി വിജിലൻസിലെ ആർ. സന്തോഷ് കുമാറിനെ ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. പകരം സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഷാജു ജോസ് ഇടുക്കി വിജിലൻസിലേക്കെത്തി.