തൊടുപുഴ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ 'സ്വകാര്യ ഭൂമിയിൽ വ്യവസായ പാർക്കുകൾ' ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം.വിവിധ പ്രദേശങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഹെക്ടർ കണക്കിന് ഭൂമിയാണ് വർഷങ്ങളായി വെറുതെ കിടക്കുന്നത്.ഇത് സംബന്ധിച്ച് സർക്കാർ വ്യക്തമായ പഠനവും നടത്തി .ഇത്തരം ഭൂമികളിൽ സ്ഥലം ഉടമകളുടെ സഹകരണത്തോടെ വ്യവസായ പാർക്കുകൾ സജ്ജമാക്കുക എന്നതാണ് ജില്ലാ വ്യവസായ വകുപ്പിന്റെ ലക്ഷ്യം.വ്യാവസായിക ആവശ്യങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി പരിമിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ അനുമതി നൽകിയത്.പ്രൈവറ്റ് ഇൻഡസ്സ്ട്രിയൽ എസ്റ്റേറ്റ് സ്കീം - 2022 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.പരിസ്ഥിതി ദുർബല മേഖല,തീരദേശ നിയന്ത്രണ മേഖല എന്നിവിടങ്ങളിൽ പാർക്കിന് അനുമതി നൽകില്ല.കുറഞ്ഞത് പത്തേക്കർ ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ള സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ,സഹകരണ സംഘങ്ങൾ,ട്രസ്റ്റുകൾ,സഹകരണ സൊസൈറ്റികൾ,പാർട്ണർ ഷിപ്പ് സ്ഥാപനങ്ങൾ,എം എസ് എം ഇ സ്കീമിലുള്ള സ്ഥാപനങ്ങൾ എന്നിവർക്കും പാർക്കുകൾ ആരംഭിക്കാം.പത്തേക്കർ സ്വന്തമായിട്ടുള്ള ഒരു വ്യക്തി പത്തേക്കറിലും വ്യവസായ സംരംഭം ആരംഭിക്കണമെന്നില്ല. ഒരേക്കറിൽ മാത്രം ആരംഭിച്ച് ബാക്കി സ്ഥലത്ത് മറ്റ് സംരംഭകർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയാൽ മതി.
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും
നിരവധി സംരംഭകരാണ് പദ്ധതിക്ക് വേണ്ടി ജില്ലാ വ്യവസായ വകുപ്പ് അധികൃതരെ സമീപിച്ചിരിക്കുന്നത്.സംരംഭകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും നൽകാൻ ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേകവിഭാഗവും പ്രവർത്തന സജ്ജമാണ്.പദ്ധതി ആരംഭിക്കാൻ വ്യവസായ വകുപ്പിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.തദ്ദേശ,വൈദ്യുതി, ജലവിഭവം,ആരോഗ്യം,മലിനീകരണം, ലീഡ് ബാങ്ക് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ ഏകോപനവും മറ്റ് നിയമപരമായ പ്രവർത്തികളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കും. വിവിധ വകുപ്പുകളുടെ ഓഫീസുകൾ കയറിയിറങ്ങിസംരംഭകർ മടുക്കുന്ന അവസ്ഥ ഇല്ലാതാകുമെന്ന പ്രത്യേകതയുമുണ്ട്. വ്യവസായവകുപ്പ് തന്നെ ഏകോപനച്ചുമതല ഏറ്റെടുക്കുന്നതോടെ കാലതാമസം കൂടാതെ സംരംഭങ്ങൾ തുടങ്ങാനാകും.
ധനസഹായം
സ്വകാര്യ പാർക്കിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാർ ധനസഹായം നൽകും.ഏക്കറിന് 30 ലക്ഷം, വ്യവസായ പാർക്കിന് (എസ്റ്റേറ്റിന്) 3 കോടി എന്നിങ്ങനെ ഇൻസെന്റീവും ലഭിക്കും.വിവിധങ്ങളായ കാർഷിക ഉത്പന്നങ്ങളാൽ സമ്പന്നമായ ഇടുക്കി ജില്ലയിൽ ഇത്തരം പദ്ധതികൾ എളുപ്പത്തിൽ പ്രാവർത്തികമാക്കാനും കൂടുതൽ തൊഴിലാവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.