നെടുങ്കണ്ടം : ഏലത്തോട്ടത്തിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലെ അടുക്കളയും തോട്ടത്തിലെ വാഴകളും നശിപ്പിച്ച് കാട്ടാനക്കൂട്ടം. പുഷ്പകണ്ടം അണക്കരമെട്ടിലാണ് വ്യാഴാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായി കാട്ടാനയാക്രമണം ഉണ്ടായത്. വീടും കൃഷിയിടവും തകർത്തു. വടുതലായിൽ വിശാഖന്റെ മൂന്ന് ഏക്കർ പാട്ടഭൂമിയിലെ വീടും കൃഷിയിടവുമാണ് കാട്ടാന നശിപ്പിച്ചത്. 9 വർഷത്തേക്ക് വിശാഖൻ മറ്റൊരാളിൽ നിന്നും പാട്ടത്തിനെടുത്ത കൃഷിഭൂമിയിലാണ് വൻ നാശനഷ്ടമുണ്ടായത്. കേരള -തമിഴ്‌നാട് അതിർത്തി വനമേഖലയിൽ നിന്നും എത്തിയ ആനക്കൂട്ടമാണ് വിശാഖന്റെ കൃഷിഭൂമിയിലെ ഏലച്ചെടികളും വാഴക്കൂട്ടവും നശിപ്പിച്ചത്. തമിഴ്‌നാട് വനാതിർത്തിയിൽ നിന്നും എത്തിയ ആനക്കൂട്ടമാണ് നാശനഷ്ടമുണ്ടാക്കിയത്. സ്ഥലത്ത് പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപ്, കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ജി.മുരളി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടി.എസ്.സുനീഷ് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തി. അതിർത്തിയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നതും ജനവാസമേഖലയോട് ചേർന്നുള്ള സ്ഥലം വരെ കാട്ടാനക്കൂട്ടം എത്തിയതും ജനങ്ങളെയും ഭീതിയിലാക്കിയിട്ടുണ്ട്. വിശാഖാന്റെ ഏലത്തോട്ടത്തിൽ ഏലക്കാ വിളവെടുക്കുന്ന സമയത്ത് തൊഴിലാളികളെ പാർപ്പിക്കുന്ന വീടിന്റെ അടുക്കള ഭാഗമാണ് കാട്ടാന തകർത്തത്. അടുക്കള തകർത്ത ശേഷം അടുക്കളയിലെ ഉപകരണങ്ങളും നശിപ്പിച്ച നിലയിലാണ്. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാട്ടാനക്കൂട്ടം ഉടുമ്പൻചോല, നമരി, പുഷ്പകണ്ടം മേഖലയിൽ ഏഴ് ഏക്കറോളം ഏലത്തോട്ടത്തിൽ നാശം വിതച്ചു.