ഇരട്ടയാർ : ഇരുചക്ര വാഹനത്തിലെത്തിയ സംഘം വൃദ്ധയുടെ സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. ഇടിഞ്ഞമല കോലമ്മാക്കൽ പെണ്ണമ്മ(80)യുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അയൽപക്കത്തുള്ള വീട്ടിൽ ബി .പി പരിശോധിക്കാൻ പോയി തിരികെ വരുമ്പോഴാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചത്.പെണ്ണമ്മ നടന്നു വരുന്നത് കണ്ട് ബൈക്കിൽ നിന്നും ഒരാൾ റോഡിൽ ഇറങ്ങുകയും ഒപ്പമുണ്ടായിരുന്ന മറ്റേയാൾ വാഹനം ഓടിച്ച് മുൻപോട്ട് പോകുകയും ചെയ്തു. തുടർന്ന് നടന്നെത്തിയ ആൾ ഒരു മേൽവിലാസം അറിയുമോയെന്ന് പെണ്ണമ്മയോട് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞ് നടന്നു നീങ്ങിയതോടെ ഇയാൾ പിന്തുടർന്ന് എത്തി കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിക്കുകയായിരുന്നു.
പിടിവലിക്കിടെ താഴെ വീണ പെണ്ണമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവർ ഇരട്ടയാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.തങ്കമണി പൊലീസ് കേസെടുത്ത് മോഷ്ടാക്കൾക്കായി തിരച്ചിൽ ഊർജിതമാക്കി.