തൊടുപുഴ: റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം ഏഴിന് തൊടുപുഴ വൈഎംഎ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റായി ജോമോൻ വർഗീസ് സ്ഥാനമേൽക്കും. സമാധാനം, രോഗ നിയന്ത്രണം, ശുദ്ധജലം, ശുചിത്വം, ശിശുവനിത ക്ഷേമം, വിദ്യാഭ്യാസം, പ്രാദേശിക സമ്പത് വ്യവസ്ഥയുടെ ശക്തിപ്പെടുത്തൽ, പാരിസ്ഥിതിക പദ്ധതികളുടെ ഏകോപനം എന്നിവ കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
മുൻ പ്രസിഡന്റ് സി.വിജേക്കബിന്റെ നേതൃത്വത്തിൽ പാർപ്പിട പദ്ധതി, അന്നപൂർണ വിശപ്പുരഹിത പദ്ധതി, ക്ലീൻ തൊടുപുഴ, മൊബൈൽ ബ്ലഡ് കളക്ഷൻ വാൻ തുടങ്ങി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ വർഷം പാർപ്പിട പദ്ധതിയും , ഒരു മുനിസിപ്പാലിറ്റി വാർഡ് ഏറ്റെടുത്ത് വിവിധ പദ്ധതികളും നടപ്പാക്കും. തൊടുപുഴ മേഖലയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും ഇന്നു നടക്കും. പത്രസമ്മേളനത്തിൽ ഡോ.സി.സിജേക്കബ്, ജോമോൻ വർഗീസ്, ടിനി തോമസ്, മധുസൂദനൻ നായർ, ലിറ്റോ പി. ജോൺ, ജോബ് ജേക്കബ് , കെ.ജി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.