
തൊടുപുഴ: കാടുകയറിയുള്ള നായാട്ടും കള്ളത്തോക്ക് ഉപയോഗവും ദൈനംദിനം അരങ്ങേറിയിട്ടും അതിന് തടയിടാനാകാതെ പൊലീസും വനംവകുപ്പും 'ഉണ്ട" വിഴുങ്ങിയ അവസ്ഥയിലാണ്. ജില്ലയിൽ നായാട്ടില്ലെന്ന വനംവകുപ്പിന്റെ അവകാശവാദം ഓരോ ദിവസവും പൊളിയുകയാണ്. അടുത്തിടെ അടിമാലിയിലും ഓൾഡ് ദേവികുളത്തും കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് ഇറച്ചി മുറിച്ച് കടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 15ന് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പിന്നീടാണ് കെണിവച്ച് പിടിച്ച ശേഷം വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ച് കടത്തിയതാണെന്ന് കണ്ടെത്തിയത്. ഈ കേസിൽ 15 ഓളം പ്രതികൾ പിടിയിലായെങ്കിലും മുഖ്യപ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. സമാനമായി ഓൾഡ് ദേവികുളത്ത് വനംവകുപ്പ് നഴ്സറിക്ക് സമീപം റോഡരികിൽ കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തി ഒരു മാസമായിട്ടും നായാട്ടുസംഘത്തെ പിടികൂടാനായില്ല. വനംവകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സ്ഥലത്ത് നിന്നാണ് 1200ലധികം കിലോ ഭാരമുള്ള കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയത്. ഇത്തരത്തിൽ വേട്ട നടത്തി ഇറച്ചി മുറിച്ചെടുത്ത് വിൽക്കുന്ന വലിയൊരു സംഘം തന്നെ ഇതിന് പിന്നിൽ മൂന്നാർ മേഖല കേന്ദ്രീകരിച്ച് ഉണ്ടെന്ന സൂചന കൂടിയാണ് നൽകുന്നത്. കാട്ടുപോത്തിന്റെ ഇറച്ചിക്കൊപ്പം കാട്ടുപന്നി, മ്ലാവ്, മുള്ളപന്നി തുടങ്ങിയവയേയും വേട്ടയാടി വലിയ തോതിൽ വിൽപ്പന നടത്തുന്നുണ്ടെന്നാണ് റപ്പോർട്ടുകൾ. എന്നാൽ വിരളിലെണ്ണാവുന്ന കേസുകൾ മാത്രമാണ് പിടിക്കപ്പെടുന്നത്. പിടിക്കപ്പെടുന്നതിൽ അധികവും സാധാരണ കർഷകരുമാകും. എന്നാൽ ലക്ഷങ്ങളുടെ ഇറച്ചി വിൽപ്പന നടത്തുന്നവരെ ഇനിയും പിടികൂടാൻ വനംവകുപ്പിനായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്തരത്തിൽ വേട്ട നടത്താകില്ലെന്ന് പൊലീസും പറയുന്നു. ഏറ്റവുമൊടുവിലെ ഉദാഹരണമാണ് കുഞ്ചിത്തണ്ണിയിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിനെ കുഴിച്ചുമൂടിയ സംഭവം.
ഈ വർഷം വെടിയേറ്റത് നാല് പേർക്ക്
തോക്കുപയോഗിച്ച് ഇത്രയും കുറ്റകൃത്യങ്ങൾ നടക്കുന്ന മറ്റൊരു ജില്ലയും കേരളത്തിലുണ്ടാകില്ല. ലൈസൻസില്ലാത്ത നാടൻതോക്കുകളാണ് ഇവയിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്. ആറ് മാസത്തിനിടെ ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി നാല് പേർക്കാണ് വെടിയേറ്റത്. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു. മാർച്ച് 17ന് മദ്യ ലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കുരിശുപാറയിൽ ജ്യേഷ്ഠനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചതാണ് ആദ്യത്തെ സംഭവം. ഇതിന് പിന്നാലെയാണ് മാർച്ച് 26ന് രാത്രി മൂലമറ്റത്ത് യുവാവിനെ നാടൻതോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.
തോക്കിലേറെയും ലൈസൻസില്ല
ജില്ലയിൽ നാനൂറിൽ താഴെ പേർക്ക് മാത്രമാണ് തോക്കിന് ലൈസൻസുള്ളത്. എന്നാൽ ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കുന്നവർ അതിന്റെ രണ്ടിരട്ടിയോ അതിലേറെയാ വരും. ഇത്തരക്കാർക്ക് രഹസ്യമായി തോക്ക് നിർമിച്ച് നൽകുന്നവർ ജില്ലയിൽ സജീവമാണ്.