കട്ടപ്പന : ധീരജ് വധത്തിൽ കെ.സുധാകരൻ പുലഭ്യം പറയുന്നത് കലാപശ്രമത്തിന് വേണ്ടിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്.രക്ത സാക്ഷിത്വത്തെ അപമാനിച്ചാൽ സി പി എം പ്രവർത്തകർക്കിടയിൽ ആത്മരോഷം ഉണ്ടാകുമെന്ന് സുധാകരനറിയാം.അത് സംഘർഷത്തിലേക്ക് എത്തിക്കാനാണ്ഗൂഡശ്രമം നടത്തുന്നത്.ധീരജ് വധത്തിൽ കോൺഗ്രസ് നേതൃത്വം നിരന്തരമായി നടത്തുന്ന പരാമർശങ്ങൾക്കെതിരെ പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും സി വി വർഗീസ് പറഞ്ഞു.കോളേജിന് 200 മീറ്റർ മാറിയാണ് ധീരജ് കുത്തേറ്റു വീണത്.ഹൃദയ ധമനികൾ തകർന്ന് 14 സെക്കന്റിനുള്ളിൽ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.അപ്പോഴാണ് 2 കിലോമീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് സുധാകരൻ ഇപ്പോൾ പറയുന്നത്.വിചിത്രമായ വാദം നിരത്തി കലാപം സൃഷ്ടിക്കുവാനാണ് കെ പി സി സി പ്രസിഡന്റ് ശ്രമിക്കുന്നതെന്നും സി വി വർഗ്ഗീസ് കുറ്റപ്പെടുത്തി.ധീരജിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ പഴുതടച്ചുള്ള അന്വേഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.നിയമപ്രകാരം അർഹിക്കുന്ന എല്ലാ ശിക്ഷയും ധീരജിന്റെ കൊലപാതകികൾക്ക് വാങ്ങിക്കൊടുക്കുമെന്നും കെ സുധാകരന്റെ പ്രസ്താവനയിൽ പ്രവർത്തകർ ആരും പ്രകോപനപരമായി പെരുമാറരുതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.ധീരജ് വധത്തിൽ കോൺഗ്രസ് നിരന്തരമായി നടത്തുന്ന പ്രസ്താവനകളിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സുകൾ നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്.