
തൊടുപുഴ: കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ നിന്ന് ആരംഭിച്ച ബജറ്റ് ടൂറിസം സർവ്വീസിനെ നെഞ്ചേറ്റി യാത്രക്കാർ. ഇന്നലെ രാവിലെ ഏഴിന് പുറപ്പെട്ട ആദ്യ സംഘത്തിൽ 40 യാത്രക്കാരാണുണ്ടായിരുന്നത്. രണ്ട് വയസുകാരൻ മുതൽ 70 വയസുകാരി വരെയുള്ള യാത്രക്കാരിൽ പകുതി സ്ത്രീകളുമുണ്ടായിരുന്നു. ആദ്യം മലങ്കരയെത്തിയ സംഘത്തിന് മുട്ടം ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാലയിട്ടും മധുരപലഹാരം നൽകിയും സ്വീകരിച്ചു. തുടർന്ന് നാടുകാണി പവലിയനും കുളമാവ് ഡാമും കണ്ട ശേഷം ചെറുതോണി, ഇടുക്കി ഡാമുകൾക്ക് മുകളിലൂടെ കാഴ്ചകൾ അസ്വദിച്ച് നടന്നാണ് ഡാം ടോപ്പിലെത്തി. ഇവിടെ രാവിലെ 9.30 ന് പ്രഭാത ഭക്ഷണം തയ്യാറായിരുന്നു. പിന്നീട് കൗൽവരിമൗണ്ട് കണ്ട് ഒന്നരയോടെ അഞ്ചുരുളിയിലെത്തി. അവിടെ നിന്ന് ഉച്ചഭക്ഷണവും കഴിച്ച് അൽപ്പം വിശ്രമിച്ച ശേഷം വാഗമണ്ണിലേക്ക്. മൊട്ടക്കുന്നുകളും കോടമഞ്ഞും കണ്ട് രാത്രി എട്ട് മണിയോടെ തിരികെ തൊടുപുഴയിലെത്തി. പലയിടത്തും മഴയുണ്ടായിരുന്നെങ്കിലും കാഴ്ചകൾ ആസ്വദിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനുമൊന്നും തടസമുണ്ടായില്ല. യാത്രക്കിടയിൽ ഓരോ പോയിന്റുകളിലും ഒരു മണിക്കൂർ വരെ ചെലവഴിക്കാൻ അവസരം ലഭിച്ചു. ഇതിനിടയിൽ ചിത്രമെടുക്കാനും യാത്രികർക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സമയവും നൽകിയിരുന്നു. ട്രിപ്പ് വളരെ ആസ്വാദ്യകരവുമായിരുന്നെന്ന് വിനോദ സഞ്ചാരികൾ ഒറ്റക്കെട്ടായി പറഞ്ഞു. തങ്ങളുടെ യാത്രാനുഭവം കെ.എസ്.ആർ.ടി.സി അധികൃതർക്ക് എഴുതി നൽകുകയും ചെയ്തു സഞ്ചാരികൾ. ട്രിപ്പിന് ഒരാൾക്ക് 450 രൂപയാണ് ചാർജ്ജ്. ഭക്ഷണത്തിനുള്ള ചിലവ് യാത്രക്കാർ വഹിക്കണം. കെ.എസ്.ആർ.ടി.സി ജീവനക്കാരായ എം.എസ്. വിനുരാജ്, സിജി ജോസഫ്, എസ്. അരവിന്ദ്, അജീഷ് രാമനാഥൻ എന്നിവരായിരുന്നു യാത്രയുടെ കോ- ഓർഡിനേറ്റർമാർ. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുന്നത്. പരിശീലനം നൽകിയ ജീവനക്കാരെയാകും ബസിൽ നിയോഗിക്കുക.
വിജയിച്ചാൽ കൂടുതൽ സർവീസ്
കെ.എസ്.ആർ.ടി.സിക്ക് വരുമാന വർദ്ധന ലക്ഷ്യമിട്ടുള്ള ബജറ്റ് ടൂറിസം സർവീസ് ജില്ലയ്ക്ക് പുറത്തുള്ള ഡിപ്പോകളിൽ നിന്നു പോലും ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയിരുന്നു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിക്കൊണ്ട് നടത്തുന്ന വിനോദ യാത്രാ പദ്ധതി വൻ ഹിറ്റായതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് തൊടുപുഴ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ചത്.
സർവ്വീസ് വിജയകരമായാൽ തൊടുപുഴയിൽ നിന്ന് മൂന്നാർ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്. ജില്ലയിൽ മൂന്നാർ, കുമളി ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സർവീസുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. ഇവ വിജയകരമായ രീതിയിൽ ഇപ്പോഴും തുടരുന്നുണ്ട്. നിലവിൽ കുമളി ഡിപ്പോയിൽ നിന്നും പരുന്തുംപാറ, വാഗമൺ, അയ്യപ്പൻകോവിൽ, അഞ്ചുരുളി, രാമക്കൽമേട് എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ചാലക്കുടിയിൽ നിന്നും ആതിരപ്പള്ളി വഴി മലക്കപ്പാറയിലേക്കുള്ള ആദ്യ സർവീസുകൾ വിജയകരമായ സാഹചര്യത്തിലാണ് മറ്റു ഡിപ്പോകളും ഇതേ മാതൃകയിൽ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴ- ചാലക്കുടി- ആതിരപ്പള്ളി- മലക്കപ്പാറ സർവീസ് ആരംഭിക്കാനും നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതും താമസിയാതെ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികൾ.