ഇടുക്കി: ഏലക്കാട്ടിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പ്രതികൾക്കുമെതിരെ കൊലപാതകത്തിന് രാജാക്കാട് പൊലീസ് കേസെടുത്തു. അടിമാലി ഇരുപതേക്കർ കുടിയിലെ മഹേന്ദ്രൻ (24) മരിച്ച സംഭവത്തിൽ പിടിയിലായ ഇയാളുടെ സുഹൃത്തുക്കളും ഇരുപതേക്കർ സ്വദേശികളുമായ കളപ്പുരയിൽ സാംജി (44), ജോമി (50), പോതമേട് സ്വദേശി മുത്തയ്യ (60) എന്നിവർക്കെതിരെയാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്. പ്രതികൾ സംഘം ചേർന്ന് ആസൂത്രിതമായി തെളിവ് നശിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായാണ് കണ്ടത്തൽ. ഇടുക്കി മെഡിക്കൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊല്ലപ്പെട്ട മഹേന്ദ്രന്റെ ശരീരത്തിൽ നെഞ്ച്, വയറ്, തുട എന്നിവിടങ്ങളിലടക്കം ഏഴ് മുറിവുകൾ കണ്ടെത്തി. നാടൻ തോക്കിൽ ഈയത്തിന്റെ മോഡൽ ബോൾ ഉപയോഗിച്ചാണ് നിറ ഒഴിച്ചിരിക്കുന്നത്. ഇത് ചിതറി തെറിച്ചാണ് ഇത്രയും മുറിവുകൾ ഉണ്ടായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വെടിയേറ്റ് തന്നെയാണ് മരണമെന്ന് സ്ഥിരീകരിക്കുന്നുണ്ട്.

കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നായാട്ടിനിടെ മഹേന്ദ്രന്റെ മഴക്കോട്ടിന്റെ ബട്ടൻസ് ടോർച്ച് വെളിച്ചത്തിൽ തിളങ്ങുന്നത് കണ്ട് കാട്ടുമൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് ഒപ്പമുണ്ടായിരുന്ന സാംജി വെടിവെച്ചെന്നാണ് പ്രതികൾ മൊഴി നൽകിയത്. എന്നാൽ അബദ്ധത്തിൽ പറ്റിയ മരണം പുറത്തറിയിക്കാതെ മൃതദേഹം കുഴിച്ച് മൂടുകയായിരുന്നു. വെടിവെയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് ഏറെമാറിയാണ് കുഴിച്ച് മൂടിയ സ്ഥലം. രണ്ടിടവും ഏലത്തോട്ട മേഖലയാണ്. തൊഴിലാളികളക്കം ജോലിക്കായി ഈ മേഖലകളിൽ എത്താറുമുണ്ട്. എന്നാൽ ആരുടെയും സഹായം തേടാതെ മൃതദേഹം മൂവരും ചേർന്ന് ചുമന്നുകൊണ്ട് ആളില്ലാത്ത സ്ഥലം നോക്കി മറവ് ചെയ്യുകയായിരുന്നു. ഇതിനായി പ്രതികൾ മുത്തയ്യായുടെ വീട്ടിൽ പോയി തൂമ്പയെടുത്തുകൊണ്ട് വരികയും ചെയ്തു. പിന്നീട് മഹേന്ദ്രന്റെ വസ്ത്രമടക്കം കത്തിച്ച് നശിപ്പിച്ചു. കുഴിച്ചിട്ട ശേഷം തൂമ്പയും ആരും കാണാത്ത തരത്തിൽ ഒളിപ്പിച്ചു. മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ നായാട്ടിന് പോയതാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ ഒപ്പം പോയ മറ്റുള്ളവരെ പൊലീസ് സംശയിക്കുകയായിരുന്നു. ഇതിനിടെ പൊലീസിന്റെ കൂടെയടക്കം ചേർന്ന് പ്രതികൾ തിരച്ചിലിൽ സജീവ പങ്കാളികളായിരുന്നു. ഇവർ മഹേന്ദ്രനെ കാണാതായ അന്ന് പരസ്പരം കണ്ടില്ലെന്നടക്കം പറഞ്ഞ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചെങ്കിലും മൂവരും ഓട്ടോറിക്ഷയിൽ ഒരുമിച്ച് വന്നിറങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെ ഇവരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോതമേട് ഒറ്റമരം റോഡിലെ ഗോസ്റ്റ് ഹൗസിന് സമീപമുള്ള ഏലത്തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടത്തി. അന്വേഷണത്തിൽ പ്രതികൾ ഒളിപ്പിച്ച ലൈസൻസില്ലാത്ത തോക്കും പൊലീസ് കണ്ടെത്തി. ഈ തോക്ക് എവിടെ നിന്ന് വാങ്ങി എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പിന്നീട് സംസ്‌കരിച്ചു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വനംവകുപ്പും കേസെടുക്കും

വന്യജീവി സംരക്ഷണ നിയമ പ്രകാരം സി.എച്ച്.ആർ മേഖലയിൽ ലൈസൻസില്ലാത്ത തോക്കുമായി കടന്നതിന് പ്രതികൾക്കെതിരെ വനംവകുപ്പും കേസെടുക്കും. ഇക്കാര്യമാവശ്യപ്പെട്ട് വനംവകുപ്പിന് ഉടൻ കത്ത് നൽകുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം വെടിവയ്പ്പ് നടന്ന സ്ഥലം പള്ളിവാസൽ, ബോഡിമെട്ട് സെക്ഷനുകളുടെ അതിർത്തിയാണ്. ഇതിൽ കൂടുതൽ വ്യക്തത വന്നതിന് ശേഷമാകും നടപടി എടുക്കുകയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.