തൊടുപുഴ: കൊവിഡ്- 19 പശ്ചാത്തലത്തിൽ എം.ജി സർവകലാശാല ഇന്റേണൽ മാർക്ക്, ഹാജർ എന്നിവ ഈ അദ്ധ്യയന വർഷത്തെ ഓൺലൈൻ- ഓഫ്‌ലൈൻ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കൂടി ബാധകമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം ഓഫ് ലൈൻ വിദ്യാർത്ഥികൾക്കും 31- 03- 2022 വരെ ഹാജർ, ഇന്റേണൽ മാർക്ക് എന്നിവയിൽ ഇളവുകളുണ്ട്. എന്നാൽ ഈ ഉത്തരവിനെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കോളേജുകൾ സ്വീകരിക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു. ഇപ്പോഴും കൊവിഡ് മൂലം ക്ലാസുകളിൽ വരാൻ കഴിയാത്ത നിരവധി വിദ്യാർത്ഥികളുണ്ട്. വൈറൽ പനിയും സാംക്രമിക രോഗങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാർത്ഥികൾക്ക് ഹാജറും, ഇന്റേണൽ മാർക്കും നൽകേണ്ടത് അസൈൻമെന്റ്, സെമിനാർ, വൈവ എന്നിവ ഓൺലൈനായോ ഓഫ് ലൈനായോ പരിഗണിച്ചാവണം. വിദ്യാർത്ഥികളുടെ തുടർ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നത് പരിഗണിച്ച് സർവകലാശാല കോളേജ് പ്രിൻസിപ്പൽമാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും നിലവിലെ ഈ ഉത്തരവ് അധിക നാളത്തേക്ക് നീട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്‌.യു നിയോജക മണ്ഡലം പ്രസിഡന്റ് അസ്ലം ഓലിക്കൻ വൈസ് ചാൻസലർക്ക് കത്തെഴുതി.