കട്ടപ്പന : മലയോര മേഖലയുടെ ഏറ്റവും വലിയ ശല്യക്കാരായി വനം വകുപ്പ് മാറിയെന്ന് മുൻ മന്ത്രിഎം.എം മണി എം എൽ എ.ചോറ് ഇവിടെയും കൂറ് മറ്റൊരിടത്തുമാണെന്നും എം എം മണി വിമർശിച്ചു. ബഫർ സോൺ വിഷയത്തിൽ കേരള കർഷക സംഘം കട്ടപ്പന വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം.റോഡ് നിർമ്മാണത്തിന് വരെ തടസ്സം നിൽക്കുന്നു.ബഫർ സോൺ സുപ്രീം കോടതി ചിന്തിക്കുന്നതിന് മുൻപ് നടപ്പാക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.ഇനിയും ഉപദ്രവിക്കാനാണ് ശ്രമമെങ്കിൽ കൈകാര്യം ചെയ്യേണ്ടി വരുമെന്നും എം എം മണി വ്യക്തമാക്കി. ബഫർ സോൺ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ 63 വില്ലേജ് ഓഫീസുകളിലേയ്ക്കാണ് മാർച്ചും ധർണ്ണയും നടത്തിയത്. സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ അടിമാലിയിലും ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉടുമ്പൻചോലയിലും സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി വണ്ണപ്പുറത്തും കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി മുരിക്കാശേരിയിലും ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.കട്ടപ്പനയിൽ നടന്ന ധർണ്ണയിൽ മാത്യു ജോർജ്, ജോയി ജോർജ് കുഴികുത്തിയാനി,വി ആർ സജി, വി.കെ സോമൻ ടോമി ജോർജ് ,കെ.പി സുമോദ്,ലിജോബി ബേബി, കെ എൻ വിനീഷ്‌കുമാർ,പി വി സുരേഷ് എന്നിവർ പ്രസംഗിച്ചു.