തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാനിൽ അടിമുടിമാറ്റം വരുത്തിയ ഭേദഗതിക്ക് കൗൺസിൽ അംഗീകാരം. കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ലഭിച്ച ആയിരക്കണക്കിന് പരാതികളെ തുടർന്ന് ആറ് കൗൺസിൽ യോഗങ്ങൾ, എം.എൽ.എ പങ്കെടുത്ത സർവ്വകക്ഷിയോഗം, എല്ലാ വാർഡുകളിലും പ്രത്യേകം യോഗങ്ങൾ, 12 സബ് കമ്മിറ്റിയോഗങ്ങൾ എന്നിവ ചേർന്ന് ഏറെ ചർച്ചകൾക്ക് ശേഷമാണ് സമൂല മാറ്റത്തോടെ കരട് അംഗീകരിച്ചിരിക്കുന്നത്. ഭേദഗതികൾ ഇനി സർക്കാരിലേക്ക് അയയ്ക്കും. നഗരസഭയുടെ സമഗ്ര വികസനം ലഭ്യമിട്ട് 2010ലാണ് മാസ്റ്റർ പ്ലാനിന്റെ നടപടി തുടങ്ങിയത്. 2015ൽ തയ്യാറായി. 2017ലും 2019 ഒക്ടോബറിലും 2020 മാർച്ചിലുമായി മൂന്നു തവണ പ്ലാൻ അംഗീകരിച്ചു. 2021 സെപ്തംബർ രണ്ടിനാണ് കരട് പ്രസിദ്ധീകരിച്ചത്. അന്ന് മുതൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് നിരവധി പരാതികളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതോടെ നഗരസഭ ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ കൂടുതൽ സമയം സർക്കാരിൽ നിന്ന് വാങ്ങി. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് എല്ലാ വാർഡുകളിലും ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ വാർഡ് സഭകൾ സംഘടിപ്പിച്ചു. പരാതികളും നിർദേശങ്ങളും നേരിട്ടു കേട്ടു. ഇവയും നേരിട്ട് ലഭിച്ച പരാതികളും നിർദേശങ്ങളും പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി ഒരു സബ് കമ്മിറ്റി രൂപവത്കരിച്ചു. ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിൽ അംഗങ്ങൾ, വിഷയ വിദഗ്ദ്ധർ, ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ഇവർ 12 സിറ്റിങ് നടത്തി. തുടർന്ന് റിപ്പോർട്ട് കൗൺസിലിൽ വെച്ചു. ഏഴിലെ കൗൺസിൽ യോഗത്തിൽ റോഡുകൾ സംബന്ധിച്ച തീരുമാനമുണ്ടായി.
പ്രധാന മാറ്രങ്ങൾ ഇവ
കരടിൽ 24 മീറ്റർ വരെയാണ് റോഡിന് വീതി പറഞ്ഞിരുന്നത്. എന്നാൽ, ഭേദഗതിയനുസരിച്ച് ഏറ്റവും ഉയർന്ന വീതി 16 മീറ്ററാണ്. ടൗണിനുള്ളിലുള്ള റോഡുകൾക്ക് 14 മീറ്റർ വീതിയാക്കാൻ തീരുമാനിച്ചിട്ടുണ്ട് (പുളിമൂട്ടിൽ കവല- മങ്ങാട്ടുകവല റോഡ്, ഇടുക്കി റോഡിന്റെ ഭാഗം), മങ്ങാട്ടുകവല- ഞറുക്കുറ്റി, മങ്ങാട്ടുകവല- കാരിക്കോട് റോഡ്- 16 മീറ്റർ. ബാക്കിയെല്ലാ റോഡുകളും തൽസ്ഥിതി തുടരും.
റോഡുകളുടെ ഇരുവശവും മിക്‌സഡ് സോണുകളാക്കി. 10 മുതൽ 12 മീറ്റർ വരെ വീതിയുള്ള റോഡിന് ഇരുവശത്തും 150 മീറ്റർ വരെയും 12 മുതൽ 18 മീറ്റർ വരെ ഇരുവശത്തും 200 മീറ്റർ വരെയും 18 മീറ്ററിന് മുകളിൽ 250 മീറ്റർ വരെയും മിക്‌സഡ് സോണാണ്. ഇവിടെ നിർമ്മാണ നിരോധനം ഉണ്ടാകില്ല. എന്നാൽ, കെട്ടിട നിർമ്മാണ- പൊതുമരാമത്ത് ചട്ടങ്ങൾ ബാധകമാണ്. മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസ് റോഡിന് തെക്ക് വശത്ത് (തൊടുപുഴ വില്ലേജ് സർവ്വെ നമ്പർ- 147, 148, 149, 150, 151) മിക്‌സഡ് സോണാക്കി മാറ്റും.
തൊടുപുഴ വില്ലേജ് സർവ്വെ നമ്പർ 195-ാം നമ്പറിൽ വിഭാവനം ചെയ്തിരുന്ന പൊതുഅർദ്ധപൊതു മേഖലയും 24, 25 വാർഡുകളിൽ വിഭാവനം ചെയ്തിരുന്ന പാർക്ക് ആന്റ് ഓപ്പൺ സ്‌പെയ്‌സും ഒഴിവാക്കാൻ തീരുമാനിച്ചു. കോതായിക്കുന്ന് ബസ് സ്റ്റാൻഡിന് സമീപം സ്റ്റേഡിയം നിർമിക്കാനും തീരുമാനിച്ചു. മത്സ്യ മാർക്കറ്റിൽ ആധുനിക അറവുശാല, മഠത്തിക്കണ്ടം- പട്ടയംകവല ബൈപാസ് എന്നിവ പുതിയ പദ്ധതികളാണ്.
തങ്ങളുടെ തീരുമാനത്തിന് അംഗീകാരം: യു.ഡി.എഫ്
യു.ഡി.എഫ് തീരുമാനത്തിന് ലഭിച്ച അംഗീകാരമാണ് മാസ്റ്റർ പ്ലാനിന് ഒട്ടനവധി ഭേദഗതികൾ വരുത്തിയതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. ദീപക്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. കരീം, കൗൺസിലർ സനു കൃഷ്ണൻ എന്നിവർ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പദ്ധതി കൊണ്ടുവരാനുള്ള തീരുമാനമാണ് തിരുത്തപ്പെട്ടത്. ഈ ജനകീയ സമരത്തിൽ ഒപ്പം നിന്ന എല്ലാ വിഭാഗം ജനങ്ങളോടും നേതാക്കൾ നന്ദി അറിയിച്ചു.