gun

രാജാക്കാട്: കുഞ്ചിത്തണ്ണിക്ക് സമീപം പോതമേട്ടിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ഇരുപതേക്കർ കോളനിയിലെ പട്ടികജാതി വിഭാഗക്കാരനായ മഹേന്ദ്രൻ (24) കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കേസിന്റെ തുടരന്വേഷണം മൂന്നാർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലാകും നടക്കുക. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. അബദ്ധത്തിൽ തന്നെയാണോ വെടി ഉതിർത്തതെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം പ്രതികൾ തെളിവ് നശിപ്പിച്ചതും മൃതദേഹം കുഴിച്ച് മൂടിയതുമടക്കമുള്ള നടപടികൾ കാണുമ്പോൾ അബദ്ധം പറ്റിയതായി പൂർണ്ണമായും വിശ്വസിക്കാനാവുന്നില്ലെന്ന് പൊലീസും വ്യക്തമാക്കുന്നു. ഇരുപതേക്കർ സ്വദേശികളായ സാംജി (44), ജോമി (50), പോമേട് സ്വദേശി മുത്തയ്യ (60) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതികൾക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പോതമേട് ഒറ്റമരം റോഡിലെ ഗോസ്റ്റ്ഹൗസിന് സമീപത്തെ ഏലത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ മഹേന്ദ്രന്റെ മൃദേഹം കണ്ടെത്തിയത്. കഴിഞ്ഞമാസം 27നാണ് വേട്ടയ്ക്കിടെ മഹേന്ദ്രൻ കൊല്ലപ്പെട്ടത്.