കട്ടപ്പന: സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30ന് കട്ടപ്പന സഹകരണ ആശുപത്രിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റ്യൻ മുഖ്യാതിഥിയാകും. ഹൈറേഞ്ചിൽ കട്ടപ്പന തങ്കമണി സഹകരണ ആശുപത്രികളിൽ മാത്രമാണ് മെഡിസെപ് സേവനം ലഭിക്കുന്നത്. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി,​ എം.എൽഎമാരായ എം.എം മണി,​ വാഴൂർ സോമൻ,​ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്,​ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്,​ കട്ടപ്പന മുൻസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം,​ സഹകരണ ആശുപത്രി ഡയറക്ടർ സി.വി. വർഗീസ്,​ പ്രസിഡന്റ് കെ.ആർ. സോദരൻ തുടങ്ങിയവർ പങ്കെടുക്കും. മെഡിസെപിൽ ഹൈറേഞ്ച് മേഖലയിൽ കട്ടപ്പന,​ തങ്കമണി സഹകരണ ആശുപത്രികൾ മാത്രമാണ് എംപാനൽ ചെയ്തിട്ടുള്ളത്. ജനറൽ മെഡിസിൻ,​ ഗൈനക്കോളജി,​ ഓർത്തോപീഡിക്,​ ജനറൽ സർജറി,​ പീഡിയാട്രിക്,​ ഇ.എൻ.ടി,​ ഡെർമറ്റോളജി,​ എൻഡോക്രൈനോളജി,​ ദന്തൽ എന്നീ വിഭാഗങ്ങളിലാണ് ഇപ്പോൾ സേവനം ലഭിക്കുന്നത്.