തൊടുപുഴ: അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൃഷി അസിസ്റ്റന്റുമാർ ഇന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും അഗ്രിക്കൾച്ചറൽ അസിസ്റ്റന്റുമാരുടെയും പൊതു സ്ഥലംമാറ്റം രണ്ട് വർഷമായി നടത്താത്തതിലും ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നതിലും മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തുന്നതിലും പ്രതിഷേധിച്ചും കരട് സ്ഥലം മാറ്റ പട്ടിക ഉടൻ പുറപ്പെടുവിക്കണമെന്നുമാവശ്യപ്പെട്ടുമാണ് സമരം. ജില്ലയിൽ 52 കൃഷി ഭവനുകളിലായി 152 കൃഷി അസിസ്റ്റന്റുമാരാണുള്ളത്. എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾ അട്ടിമറിച്ച് രാഷ്ട്രീയ താത്പര്യപ്രകാരം സ്ഥലംമാറ്റം നടത്താനാണ് നീക്കമെന്ന് സംഘടന ആരോപിക്കുന്നു. മാർച്ച് 27ലെ 257/2022 ഉത്തരവ് മറയാക്കിയാണ് മൂന്നു വർഷം കൃത്യമായി നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റത്തിൽ വെള്ളം ചേർക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന് സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ ഓഫ്‌ലൈനായും സ്ഥലംമാറ്റമാകാമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് ഭരണാനുകൂല സംഘടനകളുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. രാവിലെ 10.30ന് നടക്കുന്ന ധർണ മുൻ സംസ്ഥാന പ്രസിഡന്റ് നിഷാദ് പി.ഐ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജിജീഷ്‌കുമാർ ഇ.ജി, സെക്രട്ടറി കെ.ബി. പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബിനോയ് ജോസഫ്, ബിജു എം.പി, സോണൽ സെക്രട്ടറി പ്രദീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.