കട്ടപ്പന: 65കാരിയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചു കാമാക്ഷി കൊട്ടക്കാട്ട് പ്രസാദാണ് (52) പിടിയിലായത്. പീഡന ശ്രമത്തിനിടെ ദേഹമാസകലം പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: വയോധികയും ഇവരുടെ ഭർത്താവും മാത്രമാണ് വീട്ടിലുള്ളത്. അസുഖ ബാധിതനായി കഴിയുന്ന ഭർത്താവിനെ കാണാൻ വേണ്ടിയാണ് കട്ടപ്പന മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ പ്രതി പ്രസാദ് വീട്ടിലെത്തിയത്. ഇതിനിടെ അയൽപക്കത്തെ വീട്ടിലേയ്ക്ക് പോയ വീട്ടമ്മ തിരികെ എത്തിയപ്പോൾ പ്രതിയെ കണ്ടില്ല. മടങ്ങി പോയതായിരിക്കുമെന്ന് കരുതി വസ്ത്രം കഴുകനായി ശുചിമുറിയിൽ കയറിയപ്പോൾ അകത്ത് ഒളിച്ചിരുന്ന പ്രസാദ് വീട്ടമ്മയെ കയറിപ്പിടിച്ചു. കുതറി ഓടാൻ ശ്രമിച്ചെങ്കിലും തള്ളി താഴെയിട്ട് വലിച്ചിഴച്ചു. ഇതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്. വീട്ടമ്മയുടെ അലർച്ച കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ചുവച്ചു. തുടർന്ന് കട്ടപ്പന എസ്.ഐയും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബലാത്സംഘ ശ്രമത്തിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ് കുമാർ, എ.എസ്.ഐ കെ.വി. ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, ടെസിമോൾ ജോസഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.