ഉടുമ്പന്നൂർ: ബഫർസോൺ വിഷയത്തിൽ കർഷകരെ കൈവിടില്ലെന്നും അവരാണ് ഈ രാജ്യത്ത് അന്നം തരുന്നവരെന്നും കത്തോലിക്കകോൺഗ്രസ് കരിമണ്ണൂർ ഫൊറോനാ ഡയറക്ടർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പറഞ്ഞു. കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബഫർസോണിനെതിരെയുള്ള കരിമണ്ണൂർ ഫൊറോനാതല പ്രതിഷേധ ധർണ ഉടുമ്പന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങളുടെ അവഗണനയാണ് കാർഷിക പ്രതിസന്ധികൾക്ക് കാരണമെന്നും ഈ അവഗണനയെ അതിജീവിക്കാൻ വർദ്ധിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തി. ധർണ്ണയുടെ മുന്നോടിയായി നടത്തിയ പ്രതിഷേധ റാലി രൂപതാ ഡയറക്ടർ റവ. ഡോ. തോമസ് ചെറുപറമ്പിൽ ഫ്ളാഗ് ഒഫ് ചെയ്തു.
കത്തോലിക്ക കോൺഗ്രസ് കരിമണ്ണൂർ ഫൊറോനാ പ്രസിഡന്റ് ഷാജിമോൻ പി. ലൂക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻഫാം ഡയറക്ടർ റവ ഫാ. റോബിൻ പടിഞ്ഞാറേക്കൂറ്റ്, എൻ.എസ്.എസ് പ്രസിഡന്റ് കെമോഹനൻ കൊണ്ടൂപ്പറമ്പിൽ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് രാജൻ കണ്ടത്തിൻകര, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് അശ്വതി മധു, മാതൃവേദി പ്രതിനിധി നൈസി ഡെന്നി, കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, ജോസ് പുതിയേടം, ജോൺ മുണ്ടൻ കാവിൽ, കെ.എം. മത്തച്ചൻ, ബിജി കല്ലറക്കൽ, ബിനോയ് കരിനേട്ട് എന്നിവർ പ്രസംഗിച്ചു.