പീരുമേട്: ഏലപ്പാറ ടൗണിൽ ഓടകളിൽ മാലിന്യം അടിഞ്ഞുകൂടിയതിനെ തുടർന്ന് മഴവെള്ളം റോഡിലൂടെ ഒഴുകുന്നു. ടൗണിലെ ഓടകളുടെ അശാസ്ത്രീയ നിർമ്മാണം മൂലം കഴിഞ്ഞ പ്രളയക്കാലത്തടക്കം ഏലപ്പാറ ടൗണിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് അന്ന് ഉണ്ടായത്. മഴ ശക്തമാകുമ്പോൾ കോഴിക്കാനം,​ മേമല തുടങ്ങിയ പ്രദേശത്ത് നിന്ന് വൻതോതിലാണ് ഏലപ്പാറ ടൗണിലേക്ക് മഴ വെള്ളം ഒഴുകിയെത്തുന്നത്. ഇങ്ങനെ ഒഴുകി എത്തുന്ന മലിന ജലം ഒഴുകി പോകുന്നതിന് ഓട സംവിധാനം ടൗണിലില്ല. ഉള്ള ഓടകളിലാകെ മണ്ണും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി കിടക്കുകയുമാണ്. ഇതോടെ മഴ ശക്തമായാൽ ഏലപ്പാറ ടൗണും സമീപമുള്ള കടകളും വീടുകളും വെള്ളത്തിലാകും. ടൗണിലെ ഓടകൾ നവീകരിക്കണമെന്നത് പ്രളയകാലം മുതൽ വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നതാണ്. അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതിൽ കച്ചവടക്കാർ ഉൾപ്പെടെയുള്ള നാട്ടുകാർ കടുത്ത അതൃപ്തി അറിയിച്ചു.