മൂലമറ്റം: പ്രളയക്കെടുതിയിൽ ഇടിഞ്ഞ് പോയ മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി സ്വീകരിക്കാത്തതിൽ വ്യാപക ആക്ഷേപം. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിലാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്. ജില്ലാ പഞ്ചായത്ത്, ദുരന്ത നിവാരണം ഉൾപ്പെടെയുള്ളവർക്ക് സ്കൂൾ അധികൃതർ നിരവധി പരാതി നൽകിയെങ്കിലും ഒരു നടപടിയുമായില്ല. നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ സംരക്ഷണ ഭിത്തിയുടെ അപകടാവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ അധികാരികൾ മൗനം പാലിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് മാർഗ്ഗതടസമായി കിടന്ന കല്ലുകൾ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നെങ്കിലും ഇപ്പോഴും അപകടാവസ്ഥ തുടരുകയാണ്. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെടൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.