കട്ടപ്പന: സെൻട്രൽ ജംഗ്ഷനിൽ ടോറസ് ലോറിയിൽ നിന്ന് ഇന്ധനം ചോർന്നതിനെ തുടർന്ന് ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ലോറിയിൽ നിന്ന് ഡീസൽ ചോർന്ന് റോഡിലൂടെ ഒഴുകിയത്. ഡീസൽ നിറച്ച ശേഷം ടാങ്കിന്റെ അടപ്പ് അടയ്ക്കാൻ മറന്നതാണ് കാരണം. അശോക ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ ഡീസൽ ഒഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ബൈക്ക് യാത്രികൻ ഡീസലിൽ തെന്നി മറിഞ്ഞു വീണതോടെ പൊലീസ് മാർക്കറ്റ് ജംഗ്ഷൻ റോഡിലെ ഗതാഗതം തടഞ്ഞു. തുടർന്ന് അഗ്‌നിശമന സേനയെത്തി ഏറെ പണിപ്പെട്ടാണ് റോഡിൽ നിന്ന് ഡീസൽ കഴുക്കി കളഞ്ഞത്. സോപ്പ് ലായനി ഉപയോഗിച്ച് വൃത്തിയാക്കി റോഡിൽ അറക്കപ്പൊടിയും വിതറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സെൻട്രൽ ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടതോടെ ഇടുക്കികവല, ഇരട്ടയാർ റോഡിലും വലിയ ട്രാഫിക് കുരുക്കുണ്ടായി.