കട്ടപ്പന: കല്യാണതണ്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഭക്ഷണാവശിഷ്ടം ഉൾപ്പെടുന്ന മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. കട്ടപ്പനയിൽ പുതിയതായി ആരംഭിച്ച സ്ഥാപനത്തിലെ മാലിന്യങ്ങളാണ് പുരയിടത്തിൽ നിക്ഷേപിച്ചതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച അർദ്ധ രാത്രിയിലാണ് കല്യാണത്തണ്ട് ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങൾ തള്ളിയതായി കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പശുവിന് പുല്ല് അരിയാൻ എത്തിയവർ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മാലിന്യങ്ങൾ കാണാനിടയായത്. ഉടനെ തന്നെ നാട്ടുകാർ നഗരസഭാ ആരോഗ്യ വിഭാഗത്തിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടപ്പന ഐ.ടി.ഐ ജംഗ്ഷനിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഇവ ബേക്കറിയിൽ നിന്നുള്ള മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. പുരയിടത്തിന് ചുറ്റും നിർമ്മിച്ചിട്ടുള്ള ഇരുമ്പ് വേലി തകർത്താണ് മാലിന്യമെത്തിച്ച വാഹനം അകത്ത് കയറ്റിയത്. മാലിന്യം തള്ളിയ ബേക്കറി ഉടമയോട് ഇന്ന് നഗരസഭയിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ അറിയിച്ചുണ്ട്. ഇതിന് ശേഷമാകും പിഴയീടാക്കുകയെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.പി. സൗമ്യനാഥ്, കെ.എസ്. അനുപ്രിയ എന്നിവർ പറഞ്ഞു.