മുട്ടം: തെങ്ങിനെ നശിപ്പിക്കുന്ന ഡോര്‍ഫോ ഇനത്തിലുള്ള കീടങ്ങളെ കണ്ടെത്തിയ കൃഷിയിടത്തില്‍ കൃഷി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മുട്ടം ഇടപ്പള്ളി കവളക്കാട്ട് ബോബി ജോര്‍ജിന്റെ കൃഷിയിടത്തിലെ തെങ്ങിലാണ് കഴിഞ്ഞ ദിവസം ഡോര്‍ഫോ ഇനത്തില്‍പ്പെട്ട കീടങ്ങളെ കണ്ടെത്തിയത്. ബോബിയുടെ കൃഷിയിടത്തിലെ ഒരു തെങ്ങിന്റെ മുഴുവന്‍ കുലയും കീടത്തിന്റെ ആക്രമണത്തില്‍ നശിച്ച നിലയിലാണ്. കായംകുളം ഭാഗത്താണ് ഡോര്‍ഫോ ഇനത്തിലുള്ള കീടങ്ങളെ വ്യാപകമായി കണ്ടു വരുന്നതെന്നും ജില്ലയില്‍ ആദ്യമായാണ് ഈ കീടബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷി ഇടത്തിൽ ഒരു തെങ്ങില്‍ മാത്രമാണ് ഇപ്പോള്‍ കീട ബാധയുണ്ടായിരിക്കുന്നത്. സമീപ മേഖലകളിലെ തെങ്ങുകളില്‍ കീടബാധ കണ്ടെത്തിയിട്ടില്ല. തുടക്കത്തിൽ തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഇവയെ നിയന്ത്രിക്കാന്‍ കഴിയും. കൊറോജന്‍ എന്ന കീടനാശിനി വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്താല്‍ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.