പീരുമേട് ടീ കമ്പനി ലയങ്ങളിൽ ഇനിയും അധികൃതർ എത്തിയിട്ടില്ല
കട്ടപ്പന: പൂട്ടിപോയ പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികൾ ആശങ്കയുടെ കൂരയ്ക്കുള്ളിൽ ജീവൻ മുറുകെ പിടിച്ചാണ് ഒരോ നിമിഷവും കഴിയുന്നത്. കാലവർഷം ശക്തിയാർജ്ജിച്ചതും ഏലപ്പാറയിൽ ലയത്തിന് മുകളിൽ മണ്ണിടിഞ്ഞ് തൊഴിലാളി സ്ത്രീ മരിച്ചതും കണക്കിലെടുത്ത് തോട്ടം തൊഴിലാളികളുടെ ലയങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാനും മാറ്റിപ്പാർപ്പിക്കാനുള്ളവരുടെ കണക്കെടുക്കാനും ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നെങ്കിലും ഈ നിമിഷവും ഇതിനായി ആരും ഇവിടേയ്ക്ക് എത്തിയിട്ടില്ല. ദുരിത ജീവിതത്തിൽ നിന്ന് കരകയറാൻ തൊഴിലാളികൾ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരോ ദിവസം പിന്നിടുംതോറും ഇവരുടെ പ്രതീക്ഷ അകലുകയാണ്. രണ്ട് പതിറ്റാണ്ട് മുമ്പാണ് ലയങ്ങൾക്ക് അവസാനമായി അറ്റകുറ്റപ്പണികൾ നടത്തിയത്. പിന്നീട് ഇന്നുവരെ ഒരു ഓട് മാറ്റാൻ പോലും തൊഴിലാളികൾക്കായിട്ടില്ല. കനത്ത മഴയെ തുടർന്ന് തഹസിൽദാറും ഡെപ്യൂട്ടി ലേബർ ഓഫീസറും തോട്ടം തൊഴിലാളി ലയങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കണമെന്നും മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ കണക്കുകൾ ശേഖരിക്കണമെന്നുമാണ് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ പീരുമേട് ടീ ഫാക്ടറികളുടെ ലയങ്ങളിലേക്ക് അധികൃതർ എത്തിയില്ല. തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകാമെന്ന് കഴിഞ്ഞ 15 വർഷമായി സർക്കാർ നൽകുന്ന വാഗ്ദാനമാണ്. എന്നാൽ അത് വെറും വാഗ്ദാനം മാത്രമാണെന്ന് ഇവർക്ക് ഇപ്പോൾ ബോദ്ധ്യമുണ്ട്. ദുരന്തത്തിനായി കാത്തിരിക്കാതെ തങ്ങളുടെ ലയങ്ങളുടെ ശോചനീയവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മറ്റു ലയങ്ങിൽ പരിശോധന തുടരുമ്പോൾ ഉപ്പുതറയിലെ ഈ ലയങ്ങൾ കാണാതെ പോകരുതെന്നും ഇവർ ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തുന്നുണ്ട്.