മൂന്നാർ: മൂന്നാറിലെ ലോക്കാട്, ദേവികുളം എസ്റ്റേറ്റിൽ പുലിയെയും കടുവകളെയും ഭയന്ന് നിരന്തരം കൊളുന്ത് ശേഖരിക്കാനാകാതെ തോട്ടംതൊഴിലാളികളുടെ തൊഴിൽ മുടങ്ങുന്നു. വളർത്ത് മൃഗങ്ങളെയടക്കം പുലിയും കടുവയും നിരന്തരം വേട്ടയാടി പിടിക്കുന്നത് പതിവായിട്ടും കൂട് സ്ഥാപിച്ച് ഇവയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. കാട്ടാനകളുടെ ആക്രമണത്തിന് പുറമേയാണ് തോട്ടം മേഖലയെ ഒന്നാകെ വിറപ്പിച്ച് കടുവയും പുലിയും ഭയാശങ്ക വിതക്കന്നത്. ലോക്കാട്, ദേവികുളം മേഖലയിൽ ഇരുന്നൂറോളം തൊഴിലാളികളാണ് തേയില തോട്ടങ്ങളിൽ മാത്രം തൊഴിലെടുക്കുന്നത്. തോട്ടങ്ങളിലെ വരുമാനം കൊണ്ടാണ് കുടുംബങ്ങൾ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നത്. ഇതിനിടെയാണ് വന്യമൃഗങ്ങളുടെ ശല്യം പതിവാകുന്നത്. തൊഴിൽ മുടങ്ങുന്നതോടെ വരുമാനം ഇടിഞ്ഞ് പല കുടുംബങ്ങളും പട്ടിണിയിലാണ്.

അടുത്തയിടെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള മൂന്നാർ ലോക്കാട് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ സ്ത്രീകളടക്കമുള്ള 120 തൊഴിലാളികൾ കൊളുന്തെടുക്കുന്ന സമയത്ത് രണ്ട് പുലികളെയാണ് ഒരേസമയം കണ്ടത്. തൊഴിലാളികൾക്കൊപ്പമെത്തിയ വളർത്തുനായ കുരച്ച് ബഹളം വെച്ചതിനെ തുടർന്നാണ് പാഞ്ഞെത്തിയ പുലിയെ തൊഴിലാളികൾ കണ്ടത്. തൊഴിലാളികൾ ബഹളം വെച്ച് ഭീതിയോടെ ചിതറിയോടുന്നതിനിടെ മരത്തിൽ നിന്ന് മറ്റൊരു പുലിയും തോട്ടത്തിലേക്ക് ചാടി വീണു. തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടായില്ലെങ്കിലും ഭയത്തോടെയാണ് തൊഴിലാളികൾ തോട്ടങ്ങളിൽ ഇറങ്ങുന്നത്.

ഈ മേഖലയിൽ നിരവധി പശുക്കളെയാണ് പുലി ആക്രമിച്ച് കൊന്നിട്ടുള്ളത്. പകൽ നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ പുലിയുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെന്ന് തൊഴിലാളികൾ പറയുന്നു. പുലിയെ കൂടുവെച്ച് പിടികൂടുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.

രണ്ട് വർഷം,​ കൊന്നത് 75 കന്നുകാലികൾ
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 75 ഓളം കന്നുകാലികളെയാണ് പുലിയും കടുവയും ആക്രമിച്ച് കൊന്നത്. നല്ലതണ്ണി, കല്ലാർ എസ്റ്റേറ്റിലും പുലിയുടെ ആക്രമണം പതിവാണ്. വായ്പയെടുത്തും മറ്റും വാങ്ങിയ കന്നുകാലികൾ കൊല്ലപ്പെടുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തൊഴിലാളി കുടുംബങ്ങൾ. വന്യജീവികളുടെ അക്രമണത്തിനെതിരെ നിരവധി സമരങ്ങൾ തൊഴിലാളികൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.