മൂന്നാർ: പെട്ടിമുടിയിൽ മഴ ശക്തമായതിനെ തുടർന്ന് 35 തൊഴിലാളികുടുംബങ്ങളിലെ 118 പേരെ ജില്ലാ ഭരണകൂടം മാറ്റി പാർപ്പിച്ചു. രാജമുടി എൽ.പി സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. മുൻ കരുതലെന്ന നിലയിലാണ് ഇവരെ മാറ്റി പാർപ്പിച്ചതെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്ടിമുടിയിലും പരക്കേ മഴയുണ്ടായിരുന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ മേഖലയിൽ 19.5 സെ.മീ. മഴ ലഭിച്ചതായി കണ്ണൻ ദേവൻ കമ്പനി അധികൃതർ അറിയിച്ചു. മുമ്പ് ദുരന്തമുണ്ടായ പ്രദേശങ്ങളിലെല്ലാം മഴവെള്ളപാച്ചിൽ ശക്തമാണ്. ഉരുൾപൊട്ടി വന്ന സ്ഥലത്ത് നീർച്ചാല് പോലെ വലിയ തോതിൽ വെള്ളം ഒഴുകുന്നുണ്ട്. ഈ സ്ഥലത്ത് വീണ്ടും ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരും പറയുന്നത്. ദുരന്തത്തിന് പിന്നാലെ ഈ സ്ഥലത്ത് നിന്ന് തദ്ദേശീയ തൊഴിലാളികളെല്ലാം ഒഴിഞ്ഞുപോയിരുന്നു. ഇവിടങ്ങളിൽ ജോലിക്ക് മാത്രമാണ് ഇവരെത്തുന്നത്. നിലവിൽ മേഖലയിലെ വീടുകളിൽ അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണുള്ളത്.
2020 ആഗസ്റ്റ് 6ന് രാത്രി 10.45 ഓടെയാണ് കണ്ണൻദേവൻ കമ്പനിയുടെ രാജമല ഡിവിഷനിലെ പെട്ടിമുടിയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നുണ്ടായത്. ദുരന്തത്തിൽ 70 പേരുടെ ജീവൻ നഷ്ടമായി. ഒന്നര കിലോമീറ്റർ മുകളിൽ നിന്ന് ഉരുൾപൊട്ടിയെത്തിയ വൻതോതിലുള്ള കല്ലും ചെളിയും വെള്ളവുമെല്ലാം താഴ്‌വാരത്ത് പെട്ടിമുടി പുഴയോട് ചേർന്ന് താമസിച്ചിരുന്ന തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിൽ പതിക്കുകയായിരുന്നു.