തൊടുപുഴ: കോടതി ഉത്തരവ് മറയാക്കി തൊടുപുഴ കാർഷിക വികസന ബാങ്ക് പിടിച്ചടക്കാൻ യു.ഡി.എഫ് പാനലിലെ ചില സ്ഥാനാർത്ഥികളും നേതാക്കളും ചേർന്നു നടത്തിയ രഹസ്യനീക്കങ്ങളുടെ അനന്തരഫലങ്ങളാണ് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുമ്പ് തൊടുപുഴയിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളെന്ന് സഹകരണ സംരക്ഷണ മുന്നണി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശ്‌നങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവരെ കോടതി റിമാൻഡും ചെയ്തു. ഇത്തരം സംഭവങ്ങൾക്കൊന്നും സഹകരണ സംരക്ഷണമുന്നണിയുമായി ബന്ധമില്ല. 17ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രാഫ. കെ.ഐ. ആന്റണിയുടെ നേതൃത്വത്തിലാണ് സഹകരണ സംരക്ഷണ മുന്നണി മത്സരിക്കുന്നത്. തൊടുപുഴ ബാങ്ക് വിഭജിച്ച് രൂപവത്കരിച്ച മൂവാറ്റുപുഴ ബാങ്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിയെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ പിരിച്ചുവിട്ടതിനെ തുടർന്ന് അഞ്ച് വർഷമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. തൊടുപുഴയിലെ കർഷകരുടെ നന്മയ്ക്കായി സ്ഥാപിച്ച തൊടുപുഴ കാർഷിക വികസന ബാങ്കിനെ നിലനിർത്താൻ സഹകരണ സംരക്ഷണ മുന്നണിയെ പിന്തുണയ്ക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, വി.വി. മത്തായി, മുഹമ്മദ് ഫൈസൽ, എം.ജെ. ജോൺസൺ എന്നിവർ പങ്കെടുത്തു.