 വൈരാഗ്യകാരണം നായാട്ടിനെക്കുറിച്ച് വെളിയിൽ പറഞ്ഞത്

ഇടുക്കി: പോതമേട്ടിൽ ആദിവാസി യുവാവിനെ നായാട്ടിനിടെ പ്രതികൾ മനഃപൂർവം വെടിവച്ചു കൊന്നതെന്ന് സൂചന. പ്രതികൾ നായാട്ട് നടത്തുന്ന വിവരം പുറത്ത് പറഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൃഗവേട്ടയെക്കുറിച്ച് പുറത്ത് പറഞ്ഞതിനെ ചൊല്ലി സംഭവ ദിവസം പ്രതികളും മഹേന്ദ്രനും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സംഘത്തിൽ നിന്ന് മഹേന്ദ്രനെ ഒഴിവാക്കാൻ പ്രതികൾ ശ്രമിച്ചു. ഇതിനെ തുടർന്ന് മഹേന്ദ്രൻ ബഹളം വച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ വ്യക്തമാകൂ. രണ്ട് ദിവസത്തിനകം പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മാസം 27നാണ് ബൈസൺവാലി 20 ഏക്കർ സ്വദേശിയായ മഹേന്ദ്രൻ (24) കൊല്ലപ്പെടുന്നത്. നായാട്ടിനിടെ മഹേന്ദ്രന്റെ മഴക്കോട്ടിന്റെ ബട്ടൻസ് ടോർച്ച് വെളിച്ചത്തിൽ തിളങ്ങുന്നത് കണ്ട് കാട്ടുമൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് ഒപ്പമുണ്ടായിരുന്ന സാംജി വെടിവെച്ചെന്നാണ് പ്രതികൾ ആദ്യം മൊഴി നൽകിയത്. കേസിൽ അറസ്റ്റിലായ ഇരുപതേക്കർ സ്വദേശികളായ കളപ്പുരയിൽ സാംജി (44), ജോമി (50), പോതമേട് സ്വദേശി മുത്തയ്യ (60) എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിന് പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. മൃതദേഹം മൂവരും ചേർന്ന് ചുമന്നുകൊണ്ട് ആളില്ലാത്ത സ്ഥലം നോക്കി മറവ് ചെയ്യുകയായിരുന്നു. ഇതിനായി പ്രതികൾ മുത്തയ്യായുടെ വീട്ടിൽ പോയി തൂമ്പയെടുത്തുകൊണ്ട് വരികയും ചെയ്തു. പിന്നീട് മഹേന്ദ്രന്റെ വസ്ത്രമടക്കം കത്തിച്ച് നശിപ്പിച്ചു. കുഴിച്ചിട്ട ശേഷം തൂമ്പയും ആരും കാണാത്ത തരത്തിൽ ഒളിപ്പിച്ചു. മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ നായാട്ടിന് പോയതാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ ഒപ്പം പോയ മറ്റുള്ളവരെ പൊലീസ് സംശയിക്കുകയായിരുന്നു. ഇതിനിടെ പൊലീസിന്റെ കൂടെയടക്കം ചേർന്ന് പ്രതികൾ തിരച്ചിലിൽ സജീവ പങ്കാളികളായിരുന്നു. ഇവർ മഹേന്ദ്രനെ കാണാതായ അന്ന് പരസ്പരം കണ്ടില്ലെന്നടക്കം പറഞ്ഞ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചെങ്കിലും മൂവരും ഓട്ടോറിക്ഷയിൽ ഒരുമിച്ച് വന്നിറങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെ ഇവരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോതമേട് ഒറ്റമരം റോഡിലെ ഗോസ്റ്റ് ഹൗസിന് സമീപമുള്ള ഏലത്തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടത്തുകയാരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി നേരത്തെ തന്നെ മഹേന്ദ്രന്റെ അമ്മയും രംഗത്തെത്തിയിരുന്നു. പ്രതികൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ അതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.

പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മിഷൻ കേസെടുത്തു

മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷൻ നിർദ്ദേശം നൽകി.