തൊടുപുഴ: കാഞ്ഞാർ, കുടയത്തൂർ, മുട്ടം പ്രദേശങ്ങളിലെ ജലവിഭവ വകുപ്പിന്റെ (എം വി ഐ പിയുടെ) ഉടമസ്ഥതയിലുള്ള ഭൂമി വനം വകുപ്പിന് കൈമാറിയ സർക്കാർ നടപടിയിലും ഇനിയും കൂടുതൽ ഭൂമി വനം വകുപ്പിന് നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തിലും പ്രദേശവാസികൾ ആശങ്കയിൽ.എം വി ഐ പിയുടെ ഉടമസ്ഥതയിലുള്ള ഭൂമി നൽകണം എന്ന വ്യവസ്ഥയിൽ ഇടമലയർ ഇറിഗേഷൻ പ്രോജക്ടിന് വേണ്ടി വനം വകുപ്പിന്റെ 52 ഹെക്ടർ ഭൂമി ജലവിഭവ വകുപ്പിന് കൈമാറിയിരുന്നു.മുട്ടം പഞ്ചായത്തിലെ മാത്തപ്പാറ - അമ്പാട്ട് കോളനി - ശങ്കരപ്പള്ളി ബൈപാസ് റോഡ്, വില്ലേജ് ഓഫീസിന് സമീപം, ശങ്കരപ്പള്ളി, കുടയത്തൂർ, കാഞ്ഞാർ എന്നിങ്ങനെ മലങ്കര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലെ 52.59 ഹെക്ടർ ഭൂമിയാണ് എം വി ഐ പി വനം വകുപ്പിന് നൽകിയത്. എന്നാൽ മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ വനം വകുപ്പിന് നൽകിയ ഭൂമിയിലേക്ക് വെള്ളം നിറയുന്നതിനാൽ ലഭ്യമായ ഭൂമി പ്രയോജനപ്പെടുന്നില്ല, അധികമായി 10 ഏക്കർ ഭൂമി കൂടി വേണമെന്നാണ് വനം വകുപ്പിന്റെ വാദം.വനം വകുപ്പിന്റെ ആവശ്യം അംഗീകരിച്ച് എം വി ഐ പി യുടെ ഉടമസ്ഥതയിലുള്ള മലങ്കര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ കൂടുതൽ ഭൂമി വിട്ട് നൽകാനുള്ള പ്രവർത്തികൾ സർക്കാർ തലത്തിൽ ദ്രുത ഗതിയിൽ നടന്ന് വരുകയാണ്.
മലങ്കരടൂറിസം
പദ്ധതിക്ക് തടസം
സർക്കാരിന്റെ നടപടികൾമലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് വിലങ്ങ് തടിയാവുകയാണ് . കൂടാതെ മുട്ടം പഞ്ചായത്തിലെ മാത്തപ്പാറ,അമ്പാട്ട് കോളനി, ശങ്കരപ്പള്ളി, കുടയത്തൂർ, കാഞ്ഞാർ പ്രദേശങ്ങളിലെ ജനങ്ങളുടേയും കർഷകടേയും ദൈനം ദിന ജീവിതത്തേയും സാരമായി ബാധിക്കുന്നതുമാണ് ഭൂമിയുടെ കൈമാറ്റം. വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിക്ക് സമീപം ചെറിയ ഒരു വീട് നിർമ്മിക്കുന്നതിനോ കാർഷിക പ്രവർത്തികൾ ചെയ്യുന്നതിനോ കഴിയാത്ത അവസ്ഥയും സംഭവിക്കും. വനം വകുപ്പിന്റെ ഭൂമിക്ക് സമീപത്ത് അധിവസിക്കുന്ന ജനങ്ങളെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ വ്യവസ്ഥകൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രദേശവാസികളെ പൂർണ്ണമായും നീക്കം ചെയ്യുന്ന പ്രവർത്തികളാണ് വനം വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതും.ഇത് സംബന്ധിച്ച് വർഷങ്ങളായി പരിഹരിക്കപ്പെടാതെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ റവന്യു - പൊലീസ് - കോടതികളിൽ നിരവധി കേസുകളുമുണ്ട്.ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ, പി ജെ ജോസഫ് എം എൽ എ, ഡീൻ കുര്യാക്കോസ് എം പി എന്നിവർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് ജനങ്ങളുടെ ആവശ്യം.