തൊടുപുഴ : സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കാർഷികാധിഷ്ഠിത സമ്പാദ്യ പദ്ധതിയായ കാഡ്‌സ് പച്ചക്കുടുക്ക പദ്ധതി ഈ വർഷം വിദ്യാലയങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു .കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി നിറുത്തിവച്ചിരുന്ന പദ്ധതിയാണ് ഈ വർഷം മുതൽ പുനരാരംഭിക്കുന്നത് .കുട്ടികളിലെ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനും പ്രകൃതിയുമായി അടുത്ത് ഇടപഴകുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതിനും പാഴായി പോകുന്ന കാർഷികോത്പന്നങ്ങൾ സംഭരിക്കുന്നതിനും ലക്ഷ്യമിട്ട് 2018 -19കാലത്ത് ആരംഭിച്ച പദ്ധതി വൻ വിജയമായിരുന്നു. ആദ്യഘട്ടത്തിൽ 20 സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത് .കറിവേപ്പില,മുരിങ്ങയില,മത്തയില തുടങ്ങിയ വിവിധയിനം ഇലക്കറികളും പേരക്ക ,ചാമ്പങ്ങ ,ഇലുമ്പൻ പുളി,വാഴച്ചുണ്ട് ,വാഴപ്പിണ്ടി ,വമ്പിളി നാരങ്ങാ,കറി നാരങ്ങാ,ചേനത്തണ്ട് ,ചേമ്പിൻ തണ്ട് ,ഒടിച്ചുകുത്തി നാരങ്ങാ,നെയ്കുമ്പളം തുടങ്ങിയ 100ഓളം വിഭവങ്ങളാണ് കുട്ടികളിൽ നിന്ന് സംഭരിക്കുന്നത്. ഓരോ ദിവസം സംഭരിക്കുന്ന ഉത്പ്പന്നങ്ങളുടെ വില അതാതു ദിവസം കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും വർഷാവസാനം കുട്ടികൾക്ക് നൽകുകയുമാണ് ചെയ്യുന്നത്.

പദ്ധതിയിൽ ചേരുന്ന ഒരുകുട്ടിക്ക് കുറഞ്ഞത് 4000 രൂപ ലഭിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത് .വർഷാവസാനം ലഭിക്കുന്ന തുകകൊണ്ട് അടുത്ത അദ്ധ്യയന വർഷത്തിലെ വിദ്യാഭ്യാസ ചിലവ് കുട്ടി തന്നെ കണ്ടെത്തുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായിനാളെ ഓരോ വിദ്യാലയങ്ങളിലെയും ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം ഉച്ച കഴിഞ്ഞു 2.30 നു കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടക്കും . ജൂലായ് 26 നു പദ്ധതിയുടെ ഉദ്ഘാടനംതുടങ്ങനാട് സെന്റ് .തോമസ് യു പി സ്‌കൂളിൽ .ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ ,പ്രൊജ്ര്രക് കോ ഓർഡിനേറ്റർ കെ എം മത്തച്ചൻ എന്നിവർ അറിയിച്ചു.