കട്ടപ്പന : ഉപ്പുതറ പഞ്ചായത്തിലെ വളകോട് വൻമാവിൽ കാട്ടാനകളുടെ ശല്യത്തിൽ സഹികെട്ട് കർഷകർ.കഴിഞ്ഞ ദിവസവും രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികൾ നശിപ്പിച്ചു. മാരാപ്പറമ്പിൽ പ്രശാന്ത് , ഒറ്റപ്ലാക്കൽ സുഭാഷ് ,നെല്ലിയിൽ ബിനു

എന്നിവരുടെ പുരയിടത്തിലെ കൃഷികളാണ് കൂടുതലായും നശിപ്പിച്ചത്.കാപ്പിച്ചെടികൾ, കുരുമുളക് ഏലം, ജാതി,മരച്ചീനി എന്നിവയെല്ലാം ആനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. കുറച്ച് ദിവസങ്ങളായി വൻമാവിനടുത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്.പകൽ ആനശല്യം ഉണ്ടായിട്ടില്ലെങ്കിലും രാത്രികാലങ്ങളിലാണ് ഇവ കൂട്ടത്തോടെ കൃഷിയിടത്തിൽ എത്തുന്നത്. തീറ്റ കഴിഞ്ഞാൽ വീടുകളുടെ മുൻപിൽ എത്തും. മഴയുള്ളതിനാൽ ആനകൾ എത്തുന്നത് അറിയുക പ്രയാസമാണ്. വെളിച്ചമില്ലാതെ പുറത്തിറങ്ങിയാൽ ആനയുടെ മുൻപിൽ ചെന്ന് പെടുവാനുള്ള സാദ്ധ്യതയാണുള്ളത്. അതിർത്തിയിൽ വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുന്നില്ല. വേലികൾ തകർത്താണ് കൃഷിയിടത്തിൽ കയറുന്നത്.ആനശല്യം വനപാലകരെ അറിയിക്കാറുണ്ടെങ്കിലും തകർന്ന വൈദ്യുത വേലികൾ പുന:സ്ഥാപിക്കുക മാത്രമാണ് പരിഹാരമായി ചെയ്യാറുള്ളന്നാണ് നാട്ടുകാർ പറയുന്നത്.